ദില്ലി: ഉത്തര്‍പ്രദേശില്‍ ഇരുപതുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. മനുഷ്യത്വരഹിതവും ക്രൂരതയുടെ എല്ലാ സീമകളും ലംഘിക്കുന്നതുമായ സംഭവമാണ് ഹാഥ്റസിലെ സംഭവിച്ചതെന്ന് കോലി ട്വിറ്ററില്‍ കുറിച്ചു. ഈ നീചമായ കുറ്റകൃത്യം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോലി വ്യക്തമാക്കി.

ഈ മാസം 14നാണ് പടിഞ്ഞാറൻ യുപിയിലെ ഹാഥ്റസില്‍ നാലുപേർ ചേർന്ന് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്.  ചികിത്സക്കായി തിങ്കളാഴ്ച പെണ്‍കുട്ടിയെ ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

പെൺകുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലാണെന്നും ശരീരത്തിലെങ്ങും മുറിവുകളുണ്ടെന്നും കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ദില്ലിയിലും ഉത്തര്‍പ്രദേശിലും ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. കേസില്‍ പ്രതികളായ നാലുപേരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.