ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം റാങ്കിലുള്ള ഓസീസ് താരം സ്റ്റീവ് സ്മിത്തിന് തിളങ്ങാന്‍ കഴിയാഞ്ഞതാണ് കോലിക്ക് നേട്ടമായത്. പോയവാരത്തെ റാങ്കിംഗില്‍ കോലിയുമായി അഞ്ച് റേറ്റിംഗ് പോയന്റിന്റെ മാത്രം വ്യത്യാസത്തിലാണ് സ്മിത്ത് രണ്ടാമനായതെങ്കില്‍ ഇത്തവണ വ്യത്യാസം 17 റേറ്റിംഗ് പോയന്റായി.

ന്യൂസിലന്‍ഡിനെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ സ്മിത്ത് 43ഉം 16ഉം റണ്‍സെടുത്ത് പുറത്തായിരുന്നു. അതേസമയം, മറ്റൊരു ഓസീസ് താരമായ മാര്‍നസ് ലാബുഷെയ്ന്‍ ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ അഞ്ചിലെത്തി. പുതിയ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്താണ് ലാബുഷെയ്ന്‍.

കെയ്ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനത്തും ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര നാലാം സ്ഥാനത്തും തുടരുന്നു. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ രണ്ട് സ്ഥാനം താഴേക്കിറങ്ങി ഏഴാം സ്ഥാനത്തായപ്പോള്‍ ഇന്ത്യയുടെ അജിങ്ക്യാ രഹാനെ ആറാം സ്ഥാനത്ത് തുടരുന്നു. മായങ്ക് അഗര്‍വാള്‍ പന്ത്രണ്ടാമതും രോഹിത് ശര്‍മ പതിന‍ഞ്ചാമതുമാണ്.

ബൗളിംഗില്‍ ന്യൂസിലന്‍ഡിന്റെ നീല്‍ വാഗ്നര്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ചാം സ്ഥാനത്തെത്തി. ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര ആറാം സ്ഥാനത്തായപ്പോള്‍ അശ്വിന്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി. അശ്വിന്‍ പതിനൊന്നാമതും ജഡേജ പതിനാറാമതുമാണ്. ഇഷാന്ത് പതിനേഴാം സ്ഥാനത്ത് തുടരുമ്പോള്‍ ഉമേഷ് യാദവ് 21-ാം സ്ഥാനത്താണ്. ടീം റാങ്കിംഗില്‍ ഇന്ത്യ ഒന്നാമതും ന്യൂസിലന്‍ഡ് രണ്ടാമതുമാണ്. ഓസ്ട്രേലിയ അഞ്ചാം സ്ഥാനത്താണ്.