മുംബൈ തകർത്തടിക്കുമ്പോൾ കോലിയോട് ബൗൾ ചെയ്യാൻ ആവശ്യപ്പെട്ട് ആരാധകര്‍; 'അയ്യോ...വേണ്ടേ' എന്ന് പറഞ്ഞ് കോലി
ആര്‍സിബിക്കായി ആറ് പേര്‍ ബൗള്‍ ചെയ്തെങ്കിലും ഒരാള്‍ പോലും 10ല്‍ താഴെ ഇക്കോണമിയില്‍ പന്തെറിഞ്ഞില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
വാഖംഡെ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്-റോയല്‍ ചലഞ്ചേഴ്സ് മത്സരത്തിനിടെ ആര്‍സിബി താരം വിരാട് കോലിയോട് പന്തെറിയാന്‍ ആവശ്യപ്പെട്ട് വാംഖഡെയിലെ ആരാധകര്‍. ആര്‍സിബി ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈക്കായി വന്നവരെല്ലാം അടിച്ചു തകര്‍ക്കുമ്പോഴായിരുന്നു മുംബൈയിലെ ആരാധകര്‍ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു കോലിയോട് ഒരോവര്‍ എറിയൂ എന്ന് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ തന്‍റെ ഇരുചെവിയിലും പിടിച്ച് അയ്യോ വേണ്ടേ എന്ന അര്‍ത്ഥത്തില്‍ കോലി ആരാധകരുടെ ആവശ്യം സ്നേഹപൂര്‍വം നിരസിച്ചു.
മുംബൈയുടെ വെടിക്കെട്ടില്‍ ഇന്നലെ അടിവാങ്ങാത്ത ഒറ്റ ആര്‍സിബി ബൗളറുമുണ്ടായിരുന്നില്ല.ആര്‍സിബിക്കായി ആറ് പേര്‍ ബൗള്‍ ചെയ്തെങ്കിലും ഒരാള്‍ പോലും 10ല്‍ താഴെ ഇക്കോണമിയില്‍ പന്തെറിഞ്ഞില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ആദ്യ രണ്ടോവറുകളില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത റീസ് ടോപ്‌ലി പോലും മൂന്നോവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 34 റണ്‍സ് വഴങ്ങി. ആദ്യ ഓവര്‍ മുതലെ അടി വാങ്ങിയ മുഹമ്മദ് സിറാജാവട്ടെ മൂന്നോവറില്‍ വഴങ്ങിയത് 37 റണ്‍സായിരുന്നു.
സെലക്ടർമാർ അവനില്‍ ഒരു കണ്ണുവെച്ചോളു; രാജസ്ഥാന്‍ താരത്തെക്കുറിച്ച് സുനില്‍ ഗവാസ്കര്‍
മുംബൈ ബാറ്റര്‍മാരുടെ പ്രഹരം ഏറ്റവും കൂടുതല്‍ കിട്ടിയത് ആകാശ് ദീപിനായിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ആകാശ് ദീപ് 3.3 ഓവറില്‍ വിട്ടുകൊടുത്തത് 55 റണ്‍സായിരുന്നു. ഇക്കോണമിയാകട്ടെ 17ഉം. ഗ്ലെന്‍ മാക്സ്‌വെല്‍ ഒരോവറില്‍ 17ഉം വിജയകുമാര്‍ വൈശാഖ് മൂന്നോവറില്‍ 32 ഉം, വില്‍ ജാക്സ് രണ്ടോവറില്‍ 24ഉം റണ്‍സ് വിട്ടുകൊടുത്തപ്പോഴാണ് ആരാധകര്‍ കോലിയോടും കൂടി ബൗള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്.
Virat Kohli's cute reactions when Wankhede crowds chanting "Kohli Ko Bowling Do". ❤️pic.twitter.com/WmGfGoThzj
— CricketMAN2 (@ImTanujSingh) April 11, 2024
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. മൂന്ന് റണ്‍സെടുത്ത് ജസ്പ്രീത് ബുമ്രയുടെ പന്തില്‍ കോലി തുടക്കത്തിലെ പുറത്തായപ്പോള്‍ 40 പന്തില്‍ 61 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി, 26 പന്തില്‍ 50 റണ്‍സടിച്ച രജത് പാടീദാര്‍, 23 പന്തില്‍ 53 റണ്‍സടിച്ച് പുറത്താകാതെ നിന്ന ദിനേശ് കാര്‍ത്തിക് എന്നിവരാണ് ആര്‍സിബിക്കായി തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ 15.3 ഓവറില്‍ മുംബൈ ലക്ഷ്യത്തിലെത്തിയപ്പോള്‍ ഇഷാന്‍ കിഷന്‍(34 പന്തില്‍ 69), രോഹിത് ശര്‍മ(24 പന്തില്‍ 38), സൂര്യകുമാര്‍ യാദവ്(19 പന്തില്‍ 52), ഹാര്‍ദ്ദിക് പാണ്ഡ്യ(6 പന്തില്‍ 21*), തിലക് വര്‍മ(10 പന്തില്‍ 16*) എന്നിവര്‍ മുംബൈക്കായി തിളങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക