ധരംശാല: രവി ശാസ്ത്രിക്ക് പിന്നാലെ ഋഷഭ് പന്തിനെതിരെ തുറന്നടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും. സാഹചര്യങ്ങള്‍ മനസിലാക്കാന്‍ പന്ത് ശ്രമിക്കണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. വിന്‍ഡീസ് പര്യടനത്തിലെ പ്രകടനം ആധാരമാക്കിയാണ് കോലി ഇങ്ങനെ പറഞ്ഞത്. പര്യടനത്തില്‍ മൂന്ന് ഫോര്‍മാറ്റിലും പന്ത് കളിച്ചിരുന്നു. എന്നാല്‍ ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് യുവതാരത്തിന് നേടാന്‍ സാധിച്ചത്.

കോലി പറഞ്ഞതിങ്ങനെ... ''മത്സരത്തിനോടുള്ള സമീപനവും അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിലും മാറ്റണമെന്ന് പറയുന്നില്ല. എന്നാല്‍ സാഹചര്യം പഠിക്കാന്‍ പന്ത് തയ്യാറാവണം. ഞാനോ നിങ്ങളോ ചിന്തിക്കുന്നത് പോലെ കളിക്കണമെന്ന് പറയാനാവില്ല. എന്നാല്‍ സാഹചര്യങ്ങള്‍ മനസിലാക്കി കളിക്കണം. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ നാലോ അഞ്ചോ ബൗണ്ടറികള്‍ കളിക്കാന്‍ കഴിവുള്ള താരമാണ് പന്ത്. അത്തരം സാഹചര്യങ്ങളില്‍ സിംഗിളുകളും ഡബ്ബിളുകളേയുമാണ് ഞാന്‍ ആശ്രയിക്കുക. എല്ലാവരുടെയും ശൈലി വ്യത്യസ്തമാണ്. എന്നാല്‍ സാഹചര്യം പഠിക്കാനാണ് ശ്രമിക്കേണ്ടത്. 

ഞാന്‍ ടീമിലെത്തുന്ന സമയത്ത് ഒരു താരത്തിന് നാലോ അഞ്ചോ മത്സരങ്ങളില്‍ മാത്രമേ അവസരം ലഭിക്കുകയുള്ളു.  എന്നാലിപ്പോള്‍ 15 അവസരങ്ങള്‍ വരെ ലഭിക്കാറുണ്ട്. അത് മുതലാക്കാന്‍ കഴിയണം. നിരവധി താരങ്ങള്‍ അവസരം കാത്തുനില്‍ക്കുന്നുണ്ട്. ടി20  ലോകകപ്പിന് മുമ്പ് മികച്ച ടീമിനെ അണിനിരത്തുകയാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ എല്ലാ താരങ്ങള്‍ക്കും ഈയൊരു മാനസികാവസ്ഥ ആയിരിക്കണം ഉണ്ടായിരിക്കേണ്ടത്.'' കോലി പറഞ്ഞുനിര്‍ത്തി.