ധോണിയെപ്പോലെ ബാക്ക് ഫൂട്ടിലായിരുന്നില്ല കോലിയുടെ ഹെലികോപ്റ്റര്‍ സിക്സ്. ഫ്രണ്ട് ഫൂട്ടിലിറങ്ങിയാണ് കോലി ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ സിക്സ് പറത്തിയത്.

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി പ്രതാപകാലത്തെ അനുസ്മരിപ്പിച്ച് വിരാട് കോലി 110 പന്തില്‍ 166 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ അതില്‍ 13 ബൗണ്ടറികളു എട്ട് സിക്സറുകളുമുണ്ടായിരുന്നു. ഇതില്‍ കോലി പറത്തിയ ഒരു സിക്സ് ആരാധകരെ എം എസ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു.

ധോണിയെപ്പോലെ ബാക്ക് ഫൂട്ടിലായിരുന്നില്ല കോലിയുടെ ഹെലികോപ്റ്റര്‍ സിക്സ്. ഫ്രണ്ട് ഫൂട്ടിലിറങ്ങിയാണ് കോലി ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ സിക്സ് പറത്തിയത്. ഷോട്ട് കളിച്ചശേഷം അല്‍പനേരം ക്രീസില്‍ തലകുനിച്ചു നിന്ന കോലി നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ശ്രേയസ് അയ്യര്‍ക്ക് അടുത്തെത്തി മഹി ഷോട്ടെന്ന് പറഞ്ഞ് ചിരിക്കുകയും ചെയ്തു. കോലിയുടെ ഷോട്ട് കണ്ട് കമന്‍റേറ്റര്‍മാരും അതില്‍ ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിന്‍റെ സാമ്യതകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Scroll to load tweet…

ഏകദിന കരിയറിലെ ഏറ്റുവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോര്‍ ആണ് ഇന്നലെ കോലി തിരുവനന്തപുരത്ത് കുറിച്ചത്. 2012ല്‍ പാക്കിസ്ഥാനെതിരെ മിര്‍പൂരില്‍ നേടിയ 183 റണ്‍സാണ് കോലിയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ശ്രീലങ്കക്കെതിരായ സെഞ്ചുറിയോടെ ഹോം ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ ബാറ്ററെന്ന റെക്കോര്‍ഡും കോലി സ്വന്തം പേരിലാക്കിയിരുന്നു.

കാര്യവട്ടം ഏകദിനം:' മന്ത്രിയെ ആയിരുന്നു ബഹിഷ്കരിക്കേണ്ടിയിരുന്നത്.ഒഴിഞ്ഞ സ്റ്റേഡിയം രാജ്യമാകെ ശ്രദ്ധിച്ചു'

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുണ്ടായിരുന്ന 20 സെഞ്ചുറികളെന്ന റെക്കോര്‍ഡാണ് പരമ്പരയിലെ രണ്ടാം സെഞ്ചുറിയിലൂടെ കോലി മറികടന്നത്. ഏതെങ്കിലും ഒരു രാജ്യത്തിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന സച്ചിന്‍റെ(9) റെക്കോര്‍ഡും ശ്രീലങ്കക്കെതിരായ പത്താം സെഞ്ചുറിയിലൂടെ കോലി മറികടന്നു. മൂന്നാം ഏകദിനത്തില്‍ 317 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ മൂന്ന് മത്സര പരമ്പര 3-0ന് തൂത്തുവാരി.