കോലിയുടെ ജീവിതത്തില്‍ ഏറെ ശാന്തത കൊണ്ടുവന്നത് അനുഷ്ക ശർമ്മയാണ് എന്നും ഇശാന്ത് ശർമ്മ
ദില്ലി: അതിശയിപ്പിക്കുന്ന റണ്‍വേട്ട കൊണ്ട് ലോക ക്രിക്കറ്റിലെ കിംഗാണ് ഇന്ത്യന്‍ താരം വിരാട് കോലി. ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റിലും കോലിയെ പോലെ തിളങ്ങുന്ന താരങ്ങള്‍ അപൂർവം. ബാറ്റ് കൊണ്ട് സെഞ്ചുറികളുടെ മഹാസമുദ്രം സൃഷ്ടിക്കുന്ന കോലി ജീവിതത്തില്‍ പല ഏകാന്താതയേയും അതിജീവിച്ചാണ് ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്. ഇത്തരത്തിലൊരു കോലിയുടെ അത്യപൂർവ അതിജീവനത്തിന്‍റെ കഥ തുറന്നുപറഞ്ഞിരിക്കുകയാണ് പേസർ ഇശാന്ത് ശർമ്മ. കോലിക്ക് 17 വയസ് മാത്രം പ്രായമുള്ളപ്പോള്‍ അദേഹത്തിന്‍റെ പിതാവ് മരണമടഞ്ഞതും കോലി ആ പ്രതിസന്ധി ഘട്ടം എങ്ങനെ മറികടന്നു എന്നതുമാണത്.
'തന്‍റെ പിതാവിനെ നഷ്ടമായ ദിവസം കോലി ഒറ്റപ്പെടുകയും വലിയ സങ്കടത്തിലുമായിരുന്നു. കോലി എങ്ങനെയാണ് പ്രതികരിച്ചത് എന്നറിയില്ല. എന്നാല്‍ പിന്നീട് ബാറ്റിംഗിന് ഇറങ്ങുകയും 17-ാം വയസില്‍ ടീമിനെ ജയിപ്പിക്കുകയും ചെയ്തു. ഇതെങ്ങനെയാണ് കോലിയെ കൊണ്ട് സാധിച്ചത് എന്ന് എനിക്ക് വ്യക്തമല്ല. ഇത്തരമൊരു കാര്യം എനിക്കാണ് സംഭവിച്ചത് എങ്കില്‍ ഗ്രൗണ്ടില്‍ പോകുവാനേ കഴിയുമായിരുന്നില്ല. കോലിയുടെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. അദേഹത്തിന്‍റെ ജീവിതത്തില്‍ ഏറെ ശാന്തത കൊണ്ടുവന്നത് അനുഷ്ക ശർമ്മ'യാണ് എന്നും ഇശാന്ത് ശർമ്മ പറഞ്ഞു.
എം എസ് ധോണിയെ കുറിച്ചു ചില കാര്യങ്ങള്‍ ഇശാന്ത് പറയുന്നുണ്ട്. 'ഇളയ സഹോദരനെ പോലെയാണ് മഹി ഭായി എന്നെ കണ്ടത്, എല്ലാ സ്വാതന്ത്ര്യവും തന്നു. അദേഹത്തിന്‍റെ റൂം എപ്പോഴും തുറന്നുതന്നു, അവിടം താരങ്ങളാല്‍ നിറഞ്ഞിരിക്കും. ഏറെ ഉപദേശങ്ങള്‍ എനിക്ക് തന്നിട്ടുണ്ട് അദേഹം. മഹി ഭായി എപ്പോഴും, ഏത് സമ്മർദ ഘട്ടത്തിലും ശാന്തനായിരിക്കും. അതൊരു അവിസ്മരണീയ കാര്യമാണ്. വിക്കറ്റിന് പിന്നില്‍ ചെയ്യുന്ന കാര്യങ്ങള്‍ ധോണിക്ക് മാത്രമേ കഴിയുകയുള്ളൂ. മത്സരം പൂർണമായും ധോണിയുടെ കൈപ്പിടിയിലായിരിക്കും' എന്നും ഇശാന്ത് ശർമ്മ കൂട്ടിച്ചേർത്തു.
Read more: കനത്ത തിരിച്ചടിയേറ്റ് ശ്രേയസ് അയ്യർ; ഏഷ്യാ കപ്പ് നഷ്‍ടമാകും

