മൊഹാലി: ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ മൂന്നാം അമ്പയറുടെ ഡിആര്‍എസ് തീരുമാനത്തിനെതിരെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മത്സരത്തിന്റെ 44-ാം ഓവറില്‍ ചാഹലിന്റെ പന്തില്‍ ആഷ്ടണ്‍ ടര്‍ണറെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് പിടികൂടിയിരുന്നു. ക്യാച്ചിനായുള്ള അപ്പീല്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നിഷേധിച്ചപ്പോള്‍ ഇന്ത്യ തീരുമാനം റിവ്യു ചെയ്തു.

എന്നാല്‍ സ്നിക്കോ മീറ്ററില്‍ പന്ത് ബാറ്റില്‍ കൊണ്ടുവെന്ന് വ്യക്തമായിട്ടും മൂന്നാം അമ്പയര്‍ ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെച്ച് നോട്ടൗട്ട് വിധിച്ചു. ടര്‍ണറ്‍ അപ്പോള്‍ 41 റണ്‍സെ എടുത്തിരുന്നുള്ളു. മത്സരത്തില്‍ 43 പന്തില്‍ 84 റണ്‍സടിച്ച് ടര്‍ണര്‍ ഓസീസിന് വിജയം സമ്മാനിക്കുകയും ചെയ്തു. മത്സരശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോലി ഡിആര്‍എസിനെതിരെ പ്രതികരിച്ചത്.

ടര്‍ണറെ നോട്ടൗട്ട് വിധിച്ച അമ്പയറുടെ തീരുമാനം ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി. എല്ലാ മത്സരത്തിലും ഡ‍ിആര്‍എസ് ഇത്തരത്തില്‍ വിവാദമാവുകയാണ്. ഡിആര്‍എസ് തീരുമാനങ്ങളില്‍ സ്ഥിരതയില്ല. ടര്‍ണറുടെ വിക്കറ്റ് മത്സരത്തിലെ നിര്‍ണായക നിമിഷമായിരുന്നു-കോലി പറഞ്ഞു. റ‍ാഞ്ചി ഏകദിനത്തിലും ഡിആര്‍എസ് ചര്‍ച്ചാവിഷയമായിരുന്നു. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെ ഡിആര്‍എസിലൂടെ ഔട്ട് വിളിച്ചതായിരുന്നു വിവാദമായിരുന്നു.