അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം ഇന്ത്യന്‍ നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവമാണ്. ആദ്യ ടെസ്റ്റിന് ശേഷം കോലി നാട്ടിലേക്ക് തിരിക്കും. ഭാര്യ അനുഷ്‌ക ശര്‍മയുടെ പ്രസവുമായി ബന്ധപ്പെട്ടാണ് കോലി മടങ്ങുന്നത്. ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളില്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുക. എന്നാല്‍ രഹാനയേക്കാള്‍ മികച്ചവന്‍ രോഹിത് ശര്‍മയാണെന്ന് പലരും അഭിപ്രായം പറഞ്ഞിരുന്നു. ഈ വെല്ലുവിളികളെല്ലാം മറികടന്ന് വേണം രഹാനെയ്ക്ക് ഇന്ത്യയെ നയിക്കാന്‍. 

എന്നാല്‍ രഹാനെയ്ക്ക് എല്ലാ പിന്തുണയും നല്‍കിയിരിക്കുകയാണ് വിരാട് കോലി. ബിസിസിഐ പങ്കുവച്ച വീഡിയോയിലാണ് രഹാനെയുടെ ക്യാപ്റ്റന്‍സിയെ കുറിച്ച് കോലി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. കോലിയുടെ വാക്കുകള്‍... ''കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാനും രഹാനെയും തമ്മില്‍ മാനസിക ഐക്യമുണ്ട്. വര്‍ഷങ്ങളായി ഒരുമിച്ച് കളിച്ചതിലൂടെ ഉണ്ടായതാണത്. ബാറ്റിങ്ങിനെത്തുമ്പോള്‍ ഞാനും അവനും വല്ലാത്തൊരു വിശ്വാസം തന്നെയുണ്ട്. കഴിഞ്ഞ രണ്ട് സന്നാഹമത്സരത്തിലും അവന്‍ മികച്ച പ്രകടനം പുറത്തെടുത്തു. വളരെ ശാന്തനാണ് രാഹനെ. അവന് അറിയാം ടീമിന്റെ ശക്തിയെന്താണെന്ന്. 

കാര്യങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോവണമെന്ന് അവന് കൃത്യമായ ബോധ്യമുണ്ട്. എന്റെ അഭാവത്തിലും അവനെ ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്യുമെന്ന് കൃത്യമായ ബോധ്യമുണ്ട്. ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ രഹാനെയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള സാഹചര്യം കൂടിയാണിത്.'' കോലി പറഞ്ഞു.

നേരത്തെ കെ എല്‍ രാഹുല്‍ ടീമിന്റെ ഓപ്പണാവില്ലെന്നും കോലി വ്യക്തമാക്കിയിരുന്നു. ''ടീമില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയാണ് പ്രധാനം. രാഹുല്‍ മികച്ച താരമാണെന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല. രാഹുലിനെ പോലെ ടീമില്‍ നിലവാരമുള്ള താരങ്ങള്‍ ഏറെയുണ്ട്. 

ടെസ്റ്റ് ടീമില്‍ ഓപ്പണര്‍മാര്‍ ഏറെയുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് രാഹുലിനെ ടീമിലെടുത്തത്. ഇനി രോഹിത് ശര്‍മ കൂടി ടീമിലേക്കെത്തും. അപ്പോള്‍ അദ്ദേഹമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.'' കോലി പറഞ്ഞു.