അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുമ്പോഴാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി റണ്ണൗട്ടാവുന്നത്. പുറത്താവുമ്പോള്‍ 74 റണ്‍സ് താരം നേടിയിരുന്നു. ഇല്ലാത്ത റണ്‍സിന് ശ്രമിച്ചാണ് കോലി പുറത്താവുന്നത്. സഹതാരം അജിന്‍ക്യ രഹാനെയുടെ വിളിയാണ് കോലിയെ കുഴിയില്‍ ചാടിച്ചത്.

ഇതിനിടെ ഒരു സുപ്രധാന നാഴികക്കല്ലും കോലി പിന്നിട്ടു. ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്മാരുടെ പട്ടികയില്‍ മുന്‍ താരം എം എസ് ധോണിയെ പിന്നിട്ടിരിക്കുകയാണ് കോലി. 813 റണ്‍സാണ് ധോണി നേടിയിട്ടുള്ളത്. കോലി അഡ്‌ലെയ്ഡില്‍ മാത്രം 482 റണ്‍സും പൂര്‍ത്തിയയാക്കി. താരം ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയ ഗ്രൗണ്ടും അഡ്‌ലെയ്ഡ് തന്നെ.

അഡ്‌ലെയ്ഡില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിദേശ താരങ്ങളുടെ പട്ടികയില്‍ നാലാമതുണ്ട് കോലി. ബ്രയാന്‍, ലാറ, ജാക്ക് ഹോബ്‌സ്, വിവ് റിച്ചാര്‍ഡ്‌സ് എന്നിവരാണ് കോലിക്ക് മുന്നിലുള്ളത്.

അഡ്‌ലെയ്ഡില്‍ നടക്കുന്ന പിങ്ക് ബാള്‍ ടെസ്റ്റില്‍ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറിന് 233 എന്ന നിലയിലാണ്. പൂജാരയ്ക്ക് പുറമെ കോലി (74), അജിന്‍ക്യ രഹാനെ (42) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പൃഥ്വി ഷാ (0), മായങ്ക് അഗര്‍വാള്‍ (17), ഹനുമ വിഹാരി (16) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 

വൃദ്ധിമാന്‍ സാഹ (9), ആര്‍ അശ്വിന്‍ (15) എന്നിവരാണ് ക്രീസില്‍. ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി. ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, ലിയോണ്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

നേരത്തെ കോലിയെ പുറത്താക്കാനുള്ള അവസരം ഓസീസിന് ലഭിച്ചിരുന്നു. ലിയോണ്‍ എറിഞ്ഞ 36ാം ഓവറില്‍ കോലിയെ ഓസീസ് വിക്കറ്റ് കീപ്പര്‍ കയ്യിലൊതുക്കിയെങ്കിലും അംപയര്‍ ഔട്ട് വിളിച്ചില്ല. ഓസ്‌ട്രേലിയ അപ്പീലിന് പോയതുമില്ല. ഇതോടെ കോലിക്ക് വീണ്ടും ബാറ്റ് ചെയ്യാനുള്ള അവസരം തെളിയുകയായിരുന്നു.