മുംബൈ: കെ എല്‍ രാഹുലിന്‍റെ ഫോം ടീം ഇന്ത്യക്ക് വലിയ ആശ്വാസമാണ്. വിക്കറ്റ് കീപ്പറായും ബാറ്റിംഗ്‌ക്രമത്തില്‍ ഏത് നമ്പറിലും രാഹുലിനെ ടീമിന് പ്രയോജനപ്പെടുത്താനാവുന്നു. ബാറ്റിംഗില്‍ ഓപ്പണറുടെ റോളും മധ്യനിരയില്‍ ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാനും വേണമെങ്കില്‍ മത്സരം ഫിനിഷ് ചെയ്യാനും കഴിയുമെന്ന് രാഹുല്‍ തെളിയിച്ചിരിക്കുന്നു. രാഹുലിന്‍റെ ഇരട്ട ദൗത്യത്തിന്‍റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി.

രാഹുലിനെ പ്രശംസകൊണ്ട് മൂടുകയാണ് ദാദ. ഏകദിനത്തിലും ടി20യിലും രാഹുല്‍ മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. അത് തുടരും എന്നാണ് പ്രതീക്ഷ. ഋഷഭ് പന്തിന് പകരം രാഹുലിനെ വിക്കറ്റ് കീപ്പറായി തുടരാന്‍ അനുവദിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് നായകന്‍ വിരാട് കോലിയാണ്. ടെസ്റ്റില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും രാഹുല്‍ സാവധാനം താഴേക്കുപോയി. എന്നാല്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ രാഹുല്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. രാഹുലിന്‍റെ റോള്‍ തീരുമാനിക്കേണ്ടത് ടീം മാനേജ്‌മെന്‍റും കോലിയുമാണ്. 

ലോകകപ്പില്‍ വിക്കറ്റിന് പിന്നില്‍ ആര്?

ടി20 ലോകകപ്പില്‍ ആരാവും വിക്കറ്റ് കീപ്പറാവുക എന്ന ചോദ്യത്തിനും ഗാംഗുലി മറുപടി നല്‍കി. അക്കാര്യവും ടീം മാനേജ്‌മെന്‍റും കോലിയും പരിശീലകന്‍ രവി ശാസ്‌ത്രിയും താരുമാനിക്കണമെന്നാണ് ബിസിസിഐ തലവന്‍ വ്യക്തമാക്കിയത്. അവരുടെ തീരുമാനം അന്തിമമായിരിക്കുമെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഋഷഭ് പന്തിന് പരിക്കേറ്റതോടെയാണ് വിക്കറ്റിന് പിന്നില്‍ രാഹുലിന് അവസരമൊരുങ്ങിയയത്. ന്യൂസിലന്‍ഡിലും രാഹുല്‍ തുടരട്ടെ എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു ടീം മാനേജ്‌മെന്‍റ്.