വിരാട് കോലി ഇംഗ്ലണ്ടിനെതിരായ മൂന്നും നാലും ടെസ്റ്റുകളില്‍ കളിക്കില്ല എന്ന വിവരമാണ് ഏറ്റവും ഒടുവിലായി വരുന്നത്

മുംബൈ: ഇംഗ്ലണ്ടിന് എതിരായ അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്ക്വാഡ് പ്രഖ്യാപനം വൈകുകയാണ്. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയ്ക്കായി സെലക്ടര്‍മാര്‍ കാത്തിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ വന്നിരിക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും കനത്ത ആശങ്ക നല്‍കുന്നതാണ്.

വിരാട് കോലി ഇംഗ്ലണ്ടിനെതിരായ മൂന്നും നാലും ടെസ്റ്റുകളില്‍ കളിക്കില്ല എന്ന വിവരമാണ് ഏറ്റവും ഒടുവിലായി വരുന്നത്. അഞ്ചാം ടെസ്റ്റില്‍ കോലി കളിക്കുന്ന കാര്യവും അവ്യക്തമാണ് എന്നും ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടാക്കാട്ടി ഹൈദരാബാദിലും വിശാഖപട്ടണത്തും നടന്ന പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വിരാട് കോലി മാറിനിന്നിരുന്നു. കോലിയുടെ അഭാവത്തില്‍ ഹൈദരാബാദ് ടെസ്റ്റ് തോറ്റ ഇന്ത്യ വിശാഖപട്ടണത്ത് ജയവുമായി 1-1ന് പരമ്പരയില്‍ തുല്യത പിടിച്ചിട്ടുണ്ട്. രാജ്കോട്ടില്‍ ഫെബ്രുവരി 15നും റാഞ്ചിയില്‍ ഫെബ്രുവരി 23നും ധരംശാലയില്‍ മാര്‍ച്ച് 7 ഉം മുതലാണ് പരമ്പരയില്‍ അവശേഷിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കേണ്ടത്. 

വിരാട് കോലിക്കൊപ്പം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇംഗ്ലണ്ടിനെതിരെ അവശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കുന്ന കാര്യം സംശയമാണ്. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ജഡ്ഡു ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ തുടരുകയാണ്. അതേസമയം ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ മറ്റൊരു താരമായ കെ എല്‍ രാഹുല്‍ രാജ്കോട്ടിലെ മൂന്നാം ടെസ്റ്റിലൂടെ മടങ്ങിയെത്തിയേക്കും. പരിക്കിന്‍റെ പിടിയിലുള്ള മറ്റൊരു താരമായ പേസര്‍ മുഹമ്മദ് ഷമിക്ക് ഇംഗ്ലണ്ടിനെതിരായ പരമ്പര പൂര്‍ണമായും നഷ്ടമാകാനിടയുണ്ട്. നിലവില്‍ ചികില്‍സയ്ക്കായി യുകെയിലാണ് ഷമിയുള്ളത്. മൂന്നാം ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിക്കുക കൂടി ചെയ്താല്‍ പകരക്കാരനെ കണ്ടെത്തുക സെലക്ടര്‍മാര്‍ക്ക് തലവേദനയാവും. രണ്ടാം ടെസ്റ്റില്‍ വിശ്രമിച്ച മുഹമ്മദ് സിറാജ് തിരിച്ചെത്തുമെന്നത് മാത്രമാണ് ആശ്വാസം. 

Read more: അവസാന മൂന്ന് ടെസ്റ്റുകള്‍, ഇന്ത്യന്‍ സ്ക്വാഡ് പ്രഖ്യാപനം ഉടന്‍; നിര്‍ണായക അപ്‌ഡേറ്റുമായി രവീന്ദ്ര ജഡേജ