38-ാം ഓവറില്‍ ന്യൂസിലന്‍ഡ് 159-6 എന്ന സ്കോറില്‍ തകര്‍ന്ന‍ടിഞ്ഞെങ്കിലും അര്‍ധസെഞ്ചുറിയുമായി കെയ്ന്‍ വില്യംസണ്‍ ക്രീസിലുണ്ടായിരുന്നപ്പോള്‍ കിവീസിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. 

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യൻമാരായപ്പോള്‍ അഞ്ച് വിക്കറ്റുമായി തിളങ്ങിയത് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു. രണ്ടാം ഏകദിനം കളിക്കുന്ന വരുണ്‍ 10 ഓവറില്‍ 42 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴത്തിയത്. 38-ാം ഓവറില്‍ ന്യൂസിലന്‍ഡ് 159-6 എന്ന സ്കോറില്‍ തകര്‍ന്ന‍ടിഞ്ഞെങ്കിലും അര്‍ധസെഞ്ചുറിയുമായി കെയ്ന്‍ വില്യംസണ്‍ ക്രീസിലുണ്ടായിരുന്നപ്പോള്‍ കിവീസിന് വിജയപ്രതീക്ഷയുണ്ടായിരുന്നു.

120 പന്തില്‍ 81 റണ്‍സെടുത്ത് ക്രീസില്‍ നിന്ന വില്യംസണ്‍ റണ്‍നിരക്കിന്‍റെ സമ്മര്‍ദ്ദത്തില്‍ അക്സറിന്‍റെ പന്തില്‍ ക്രീസില്‍ നിന്ന് ചാടിയിറങ്ങി ബൗണ്ടറി പറത്താന്‍ നോക്കിയെങ്കിലും പിഴച്ചു. ബാറ്റില്‍ കൊള്ളാതെ പോയ പന്ത് വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിയപ്പോള്‍ തിരിഞ്ഞുപോലും നോക്കാതെ വില്യംസണ്‍ ക്രീസ് വിട്ടു. രാഹുല്‍ അനായാസം സ്റ്റംപിംഗ് പൂര്‍ത്തിയാക്കുകയും ചെയ്തു. വിജയം ഉറപ്പിച്ച വില്യംസണിന്‍റെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ വിരാട് കോലി അക്സര്‍ പട്ടേലിന് അടുത്തേക്ക് ഓടിയെത്തി പാദങ്ങളില്‍ തൊട്ട് വന്ദിക്കാന്‍ ശ്രമിച്ചത് കാണികളിലും ചിരി പടര്‍ത്തി.

Scroll to load tweet…

കോലി എന്താണ് ചെയ്യുന്നതെന്ന് ആദ്യം മനസിലാവാതിരുന്ന അക്സര്‍ ഒടുവില്‍ കോലിയെ കാലില്‍ തൊടുന്നതില്‍ നിന്ന് തടഞ്ഞു. ചിരിച്ചുകൊണ്ട് നിലത്തിരുന്ന അക്സറിന്‍റെ കാലില്‍ തൊടാന്‍ കോലി പരമാവധി ശ്രമിച്ചെങ്കിലും അക്സര്‍ സമ്മതിച്ചില്ല. ഒടുവില്‍ ചിരിച്ചുകൊണ്ട് ഇരുവരും നടന്നകന്നു. നേരത്തെ ബാറ്റിംഗിനിറങ്ങിയപ്പോള്‍ 30-3 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ ശ്രേയസ് അയ്യര്‍ക്കൊപ്പം 98 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി അക്സര്‍ കരകയറ്റിയിരുന്നു. ന്യൂസിലന്‍ഡ് ഓപ്പണര്‍ രചിന്‍ രവീന്ദ്രയെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ ഓടിപ്പിടിച്ച് ഫീല്‍ഡിംഗിലും അക്സര്‍ തിളങ്ങിയിരുന്നു.

ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യ-ഓസ്ട്രേലിയ സെമി പോരാട്ടം, മത്സരം എപ്പോള്‍, ഇന്ത്യൻ സമയം, വേദി; കാണാനുള്ള വഴികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക