ഹാമില്‍ട്ടണ്‍: നാലാം ടി20യില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ സൂപ്പര്‍ ഓവറില്‍ വീഴ്ത്തിയപ്പോള്‍ അതില്‍ നിര്‍ണായകമായത് കോളിന്‍ മണ്‍റോയുടെ റണ്ണൗട്ടായിരുന്നു.  ടോപ് സ്കോററായ മണ്‍റോ പരമ്പരയില്‍ കിവീസിന് ആശ്വാസ വിജയം സമ്മാനിക്കുമെന്ന് കരുതിയിരിക്കെയാണ് പന്ത്രണ്ടാം ഓവറില്‍ അവിശ്വസനീയമായ രീതിയില്‍ റണ്ണൗട്ടായത്.

ശിവം ദുബെയുടെ പന്തില്‍ സ്വീപ്പര്‍ കവര്‍ ബൗണ്ടറിയിലേക്ക് അടിച്ച മണ്‍റോ രണ്ടാം റണ്ണിനായി ഓടുന്നതിനിടടെ പന്ത് ഫീല്‍ഡ് ചെയ്ത ഷര്‍ദ്ദുല്‍ ഠാക്കൂര്‍ അത് വിക്കറ്റ് കീപ്പര്‍ക്ക് നേരെയെറിയാതെ ഷോട്ട് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന വിരാട് കോലിക്ക് എറിഞ്ഞു കൊടുത്തു. പന്ത് കൈയില്‍ കിട്ടിയ കോലി ഒന്നു വെട്ടിത്തിരിഞ്ഞ് അത് നേരെ സ്ട്രൈക്കിംഗ് എന്‍ഡിലെ വിക്കറ്റിലേക്ക് എറിഞ്ഞു. കോലിയുടെ ഡയറക്ട് ത്രോയില്‍ മണ്‍റോ റണ്ണൗട്ടാവുകയും ചെയ്തു.

ഇതോടെ കിവീസ് ഇന്നിംഗ്സിന്റെ താളം തെറ്റി. പന്ത് പിടിച്ച ഷര്‍ദ്ദുല്‍ അതേ നേരെ വിക്കറ്റ് കീപ്പര്‍ക്ക് നേരെയോ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലേക്കോ എറിയുമെന്നാണ് താന്‍ കരുതിയതെന്ന് മണ്‍റോ പറഞ്ഞു. എന്നാല്‍ ഷര്‍ദ്ദുല്‍ പന്ത് നല്‍കിയത് കോലിക്കായിരുന്നു. അതോടെ ഞാന്‍ പെട്ടുവെന്ന് എനിക്ക് മനിസിലായി. പതിവുപോലെ കോലി വിക്കറ്റിലേക്ക് തന്നെ പന്തെറിയുകയും ഡയറക്ട് ഹിറ്റില്‍ ഞാന്‍ പുറത്താവുകയും ചെയ്തു. 47 പന്തില്‍ 64 റണ്‍സെടുത്ത മണ്‍റോ ആയിരുന്നു കിവീസിന്റെ ടോപ് സ്കോറര്‍.