ഇന്ത്യ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുന്ന ലോകകപ്പ് കോലിക്കായി ഉയര്‍ത്തണം എന്നാണ് സെവാഗിന്‍റെ ആവശ്യം
ദില്ലി: ഇത്തവണത്തെ ഏകദിന ലോകകപ്പ് ടീം ഇന്ത്യയുയര്‍ത്തുമെന്ന് ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. വിരാട് കോലിക്കായി കപ്പുയര്‍ത്താന്‍ ഇന്ത്യ എല്ലാവിധ ശ്രമങ്ങളും നടത്തും എന്നു വീരു വ്യക്തമാക്കി. 2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം ആ കിരീടം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കായി സമ്മാനിച്ചിരുന്നു. സമാനമായി ഇന്ത്യ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുന്ന ലോകകപ്പ് കോലിക്കായി ഉയര്‍ത്തണം എന്നാണ് സെവാഗിന്‍റെ ആവശ്യം. 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലംഗം കൂടിയാണ് വിരാട് കോലി.
2011 ലോകകപ്പ് നമ്മള്‍ കളിച്ചത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് വേണ്ടിയാണ്. ആ ലോകകപ്പ് നേടിയിരുന്നെങ്കില്‍ അത് സച്ചിനുള്ള വലിയ ആദരമാകും എന്ന് ഉറപ്പായിരുന്നു. ഇതേ അവസ്ഥയിലാണ് വിരാട് കോലി നിലവിലുള്ളത്. കോലിക്കായി ലോകകപ്പ് നേടണം എന്നാണ് എല്ലാവരുടേയും ആഗ്രഹം. ടീമിനായി എപ്പോഴും 100 ശതമാനം ആത്മാര്‍ഥതയോടെ പ്രകടനം പുറത്തെടുക്കുന്ന താരമാണ് കോലി. അതിനാല്‍ ഒരു ഏകദിന ലോകകപ്പ് കൂടി കോലി അര്‍ഹിക്കുന്നുണ്ട്. ഈ ലോകകപ്പ് നേടാന്‍ കോലിയും അഗ്രഹിക്കും എന്ന് തോന്നുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഫൈനല്‍ കാണാന്‍ ഒരു ലക്ഷത്തോളം പേരുണ്ടാകും. ഇന്ത്യന്‍ പിച്ചുകളുടെ സ്വഭാവം കോലിക്ക് നന്നായി അറിയാം. അതിനാല്‍ കോലി ഏറെ റണ്‍സ് കണ്ടെത്തും. ടീമിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും. ഒക്ടോബര്‍ 15ന് നടക്കുന്ന ഇന്ത്യ-പാക് മത്സരമായിരിക്കും ലോകകപ്പില്‍ ഏറ്റവും ആവേശം നിറഞ്ഞ കളിയെന്നും സെവാഗ് പറഞ്ഞു.
അതേസമയം ലോകകപ്പില്‍ മുംബൈയില്‍ കളിക്കാനുള്ള ആകാംക്ഷയിലാണ് താനെന്ന് വിരാട് കോലി വ്യക്തമാക്കി. 2011 ഫൈനലില്‍ വാംഖഡെയിലായിരുന്നു ഇന്ത്യന്‍ ടീം ശ്രീലങ്കയെ തോല്‍പിച്ച് കിരീടമുയര്‍ത്തിയത്. മത്സരത്തില്‍ 35 റണ്‍സ് നേടിയ കോലി ഗൗതം ഗംഭീറിനൊപ്പം 83 റണ്‍സിന്‍റെ കൂട്ടുകെട്ട് സ്ഥാപിച്ചിരുന്നു. സ്വന്തം മണ്ണില്‍ ലോകകപ്പ് കളിക്കുന്നതിന്‍റെയും നേടുന്നതിന്‍റേയും ആവേശം എത്രത്തോളമുണ്ട് എന്ന് അന്ന് തിരിച്ചറിഞ്ഞതാണെന്നും കോലി പറയുന്നു.
Read more: ടീമില്‍ വരണമെങ്കില്‍ സര്‍ഫറാസ് ഖാന്‍ ഐപിഎല്ലില്‍ തിളങ്ങണം; പരിഹസിച്ച് ഓസീസ് മുന്‍ താരം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

