രഞ്ജി ട്രോഫിയില്‍ വിസ്‌മയ ഫോമിലായിരുന്നു സര്‍ഫറാസ് ഖാന്‍. എന്നിട്ടും എന്തുകൊണ്ട് താരം ഇന്ത്യന്‍ സ്‌ക്വാഡിലില്ല എന്ന് ചോദ്യം.
മുംബൈ: രഞ്ജി ട്രോഫിയില്‍ വിസ്‌മയ ഫോം തുടര്‍ന്നിട്ടും ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് യുവ ബാറ്റര്‍ സര്‍ഫറാസ് ഖാനെ എടുക്കാതിരുന്നതിനെ പരിഹസിച്ച് ഓസ്ട്രേലിയന്‍ മുന്‍ സ്‌പിന്നര്‍ ബ്രാഡ് ഹോഗ്. ഐപിഎല്ലിലെ പ്രകടനം മെച്ചപ്പെടുത്താതെ സര്‍ഫറാസിന് ഇന്ത്യന്‍ ടീമിലെത്താന്‍ കഴിയില്ല എന്നാണ് ഹോഗിന്‍റെ പരിഹാസം. ഐപിഎല്ലിൽ പേസർമാർക്കെതിരെ സർഫറാസിന്‍റേത് പ്രകടനം മോശമാണ് എന്ന് ഹോഗ് നിരീക്ഷിക്കുന്നു.
'രഞ്ജി ട്രോഫിയില്‍ വിസ്‌മയ ഫോമിലായിരുന്നു സര്‍ഫറാസ് ഖാന്‍. എന്നിട്ടും എന്തുകൊണ്ട് താരം ഇന്ത്യന്‍ സ്‌ക്വാഡിലില്ല. എന്തുകൊണ്ടാണ് സര്‍ഫറാസ് ഇന്ത്യന്‍ ടീമിലെത്താത്തതും ടെസ്റ്റ് ലൈനപ്പിലില്ല എന്നും എനിക്കറിയാം. മധ്യനിരയില്‍ അഞ്ചോ ആറാം നമ്പറിലാണ് രഞ്ജിയില്‍ സര്‍ഫറാസ് ഖാന്‍ ബാറ്റ് ചെയ്യുന്നത്. ഐപിഎല്ലില്‍ മികച്ച പേസ് ബൗളിംഗ് നിരയ്‌ക്കെതിരെ സര്‍ഫറാസിന്‍റെ പ്രകടനം മികച്ചതല്ല. ഇക്കാര്യത്തിലാണ് ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ മടുപ്പ് കാണിക്കുന്നത് എന്ന് തോന്നുന്നു. അടുത്ത ഐപിഎല്ലില്‍ താരത്തിന് കൂടുതല്‍ മികവ് കാട്ടാനായാല്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കൂടുതല്‍ കാലം കളിക്കാനാകും എന്നുറപ്പാണ്' എന്നും ബ്രാഡ് ഹോഗ് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ മൂന്ന് സീസണുകളിലും മിന്നും പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യന്‍ സെലക്ടർമാർ ഒരിക്കല്‍ക്കൂടി സര്‍ഫറാസ് ഖാനെ തഴഞ്ഞത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാകെ 35 മത്സരങ്ങളില്‍ 13 സെഞ്ചുറി അടക്കം 79.65 ശരാശരിയില്‍ 3505 റണ്‍സാണ് സര്‍ഫറാസ് അടിച്ചെടുത്തത്. ഇതില്‍ കഴിഞ്ഞ മൂന്ന് രഞ്ജി സീസണുകളായി 2566 റണ്‍സ് അടിച്ചുകൂട്ടി. 2019-2020 രഞ്ജി സീസണില്‍ 154 ശരാശരിയില്‍ 928 റണ്‍സും അടുത്ത സീസണില്‍ 122.75 ശരാശരിയില്‍ 982 റണ്‍സും അടിച്ച സര്‍ഫറാസ് 2022-23 സീസണില്‍ മൂന്ന് സെഞ്ചുറി അടക്കം 556 റണ്‍സ് നേടി.
Read more: സൂപ്പര്‍ ഓവറില്‍ നെതര്‍ലന്‍ഡ്‌സ്; വെസ്റ്റ് ഇന്‍ഡീസിനെ പഞ്ഞിക്കിട്ട് ത്രില്ലര്‍ ജയം

