ഐപിഎല്‍ 2026 ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ഹോം ഗ്രൗണ്ട് ആനുകൂല്യം ലഭിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ഫൈനലിലെ പിച്ച് ബിസിസിഐ നേരിട്ട് തയ്യാറാക്കുന്നതിനാല്‍ ഇരു ടീമുകള്‍ക്കും തുല്യ സാധ്യതയാണുള്ളതെന്നും, അതിനാല്‍ കിരീടപ്പോരാട്ടം 50-50 ആണെന്നും അദ്ദേഹം വിലയിരുത്തി.

അഹമ്മദാബാദ്: കാണികളുടെ പിന്തുണയും പരിചിതമായ സാഹചര്യങ്ങളും ഭൂമിശാസ്ത്രപരമായ മേല്‍ക്കൈയുമെല്ലാം ഒപ്പമുണ്ടെങ്കിലും, ഐപിഎല്‍ 2026 ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് അത് വലിയൊരു മേല്‍ക്കൈ നല്‍കുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. കലാശപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഗുജറാത്തിന് വ്യക്തമായ മുന്‍തൂക്കമുണ്ടെന്ന് കരുതാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കിരീടപ്പോരാട്ടം തികച്ചും 50-50 ആണെന്ന് അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലീഗ് മത്സരങ്ങളില്‍ ലഭിക്കുന്നത് പോലുള്ള ഹോം ഗ്രൗണ്ട് ആനുകൂല്യം ഫൈനലില്‍ ഗുജറാത്തിന് ലഭിക്കാത്തതിന്റെ കാരണവും സെവാഗ് വ്യക്തമാക്കി. ''ആര്‍സിബി നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് രീതി തികച്ചും അസാധാരണമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് തുല്യസാധ്യതയുള്ള ഒരു മത്സരമാണ്. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ട് ആണെങ്കിലും, ഫൈനല്‍ ആയതുകൊണ്ട് തന്നെ അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പിച്ച് നിര്‍മ്മിക്കാന്‍ കഴിയില്ല. അതിനാല്‍ ആ ആനുകൂല്യം അവര്‍ക്ക് ലഭിക്കില്ല. ഫൈനലില്‍ ബിസിസിഐ നേരിട്ടായിരിക്കും പിച്ച് തയ്യാറാക്കുക, അതുകൊണ്ട് ഇരു ടീമുകള്‍ക്കും തുല്യ അവസരമായിരിക്കും ലഭിക്കുക.'' സെവാഗ് വ്യക്തമാക്കി.

ഒന്നാം ക്വാളിഫയറില്‍ ഗുജറാത്തിനെ തകര്‍ത്തുകൊണ്ടാണ് ആര്‍സിബി ഫൈനലില്‍ കടന്നത്. രജത് പാട്ടിദാറിന്റെ നേതൃത്വത്തിലുള്ള ആര്‍സിബി ഈ സീസണിലെ ഏറ്റവും മികച്ച പ്ലേഓഫ് പ്രകടനങ്ങളിലൊന്നാണ് പുറത്തെടുത്തത്. ആദ്യം കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ അവര്‍, പിന്നീട് ഗുജറാത്തിന്റെ ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞു. ടോപ്പ് ഓര്‍ഡര്‍ നേരത്തെ തകര്‍ന്നാല്‍ ഗുജറാത്തിന്റെ താളം തെറ്റുമെന്ന് തെളിയിച്ച ആ മത്സരം ഫൈനലിലും നിര്‍ണായകമാകും.

ഒന്നാം ക്വാളിഫയറിലെ തോല്‍വിക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് ഗുജറാത്ത് നടത്തിയത്. ശുഭ്മന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തിന് ഫൈനലിലേക്കുള്ള വഴിതുറന്നത്. ഗില്ലിന്റെ സെഞ്ചുറിയും സുദര്‍ശന്റെ മികച്ച പിന്തുണയും ഗുജറാത്തിനെ വീണ്ടുമൊരു ഫൈനലില്‍ എത്തിച്ചു.

ആര്‍സിബിയെ മറികടക്കണമെങ്കില്‍ ഗുജറാത്ത് ഇതേ ഫോം തുടരണമെന്നാണ് സെവാഗ് പറയുന്നത്. ''രണ്ടാം ക്വാളിഫയറില്‍ കളിച്ചതുപോലെയുള്ള ക്രിക്കറ്റ് പുറത്തെടുത്താല്‍ മാത്രമേ ഗുജറാത്തിന് ഫൈനലില്‍ ആര്‍സിബിയെ മറികടക്കാന്‍ സാധിക്കൂ.'' സെവാഗ് പറഞ്ഞു.

YouTube video player