ദില്ലി: കൊവിഡ് 19 ആശങ്കയില്‍ ലോകം മുഴുവന്‍ വീട്ടില്‍ ഒതുങ്ങുമ്പോള്‍ ക്രിക്കറ്റ് താരങ്ങളും അപൂര്‍വമായി മാത്രം കിട്ടുന്ന ഇടവേള കുടുംബത്തോടൊപ്പം ചെലവഴിക്കുകയാണ്.  മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗും കുടുംബത്തോടൊപ്പമാണ് ക്വാറന്റൈല്‍ കാലം ചെലവഴിക്കുന്നത്. ക്വാറന്റൈന്‍ കാലത്ത് വീട്ടില്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് തുറന്നുപറയുകയാണ് സെവാഗ് ക്രിക് ബസിന്റെ സ്ട്രാറ്റജിക് ടൈം ഔട്ട് എന്ന ഷോയില്‍.

സിനിമ കാണലും തന്റെ തന്നെ പ്രകടനങ്ങളുടെ മുന്‍കാല വീഡിയോകള്‍ കാണലും ഗെയിം കളിക്കലുമൊക്കെയാണ് വീട്ടിലെ പ്രധാന പരിപാടികളെന്ന് സെവാഗ് പറയുന്നു. ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചശേഷം ഞാനെന്റെ മികച്ച പ്രകടനങ്ങളുടെ തന്നെ വീഡിയോ വീണ്ടും വീണ്ടും കാണുകയായിരുന്നു. ടെസ്റ്റിലെ രണ്ട് ട്രിപ്പിള്‍ സെഞ്ചുറി പ്രകടനങ്ങളും ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ നേടിയ ഡബിള്‍ സെഞ്ചുറിയും ഐപിഎല്ലില്‍ നേടിയ സെഞ്ചുറിയും അരങ്ങേറ്റ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ സെഞ്ചുറിയുമെല്ലാം ഇങ്ങനെ വീണ്ടും കണ്ടു. പിന്നെ ഐപിഎല്ലിലെ ചില പ്രകടനങ്ങളും. എല്ലാ പ്രകടനങ്ങള്‍ക്കുമിടയിലും എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഇന്നിംഗ്സ് അരങ്ങേറ്റ ടെസ്റ്റിലെ സെഞ്ചുറി തന്നെയാണ്.

അതുപോലെ ഏതാനും സിനിമകളും കണ്ടു. കമാന്‍ഡോ-03, മിഷന്‍ ഇംപോസിബിള്‍ എന്നിവയൊക്കെ കണ്ടു. ബാഗി-03 നെറ്റ്ഫ്ലിക്സില്‍ വരാനായുള്ള കാത്തിരിപ്പിലാണ്. അതുപോലെ സ്ട്രീറ്റ് ഡാന്‍സര്‍-03 ഉം. വീട്ടില്‍ എത്ര സാനിറ്റൈസര്‍ സ്റ്റോക്കുണ്ടെന്ന ചോദ്യത്തിനും സെവാഗ് മറുപടി നല്‍കി. വീട്ടില്‍ 12-13 സാനിറ്റൈസര്‍ ഉണ്ട്. എല്ലാ മുറികളിലും സാനിറ്റൈസറുകളുണ്ട്. വീട്ടിലേക്ക് ആരു വരികയാണെങ്കിലും സാനിറ്റൈസര്‍ ഉപയോഗിച്ചശേഷം കൈ കഴുകിയെ വരാവു എന്നും സെവാഗ് പറഞ്ഞു.

ക്വാറന്റൈന്‍ കാലത്ത് ആരുടെ കൂടെ കഴിയാനാണ് കൂടുതല്‍ ഇഷ്ടമെന്ന ചോദ്യത്തിന് ക്രിക്കറ്റ് താരങ്ങളായ അജയ് ജഡേജയെയും സഹീര്‍ ഖാനെയുമാണ് സെവാഗ് തെരഞ്ഞെടുത്തത്. ജഡേജ നല്ല പോലെ സംസാരിക്കുന്ന ആളാണെന്നും സമയം പോവുന്നത് അറിയില്ലെന്നും സെവാഗ് പറഞ്ഞു. എന്നാല്‍ സഹീര്‍ ആകട്ടെ മികച്ച കേള്‍വിക്കാരനാണ്. ഒപ്പം നല്ല ബുദ്ധിയുള്ള ആളും എന്നായിരുന്നു സെവാഗിന്റെ മറുപടി.