ദില്ലി: തന്‍റെ ഏറ്റവും മികച്ച ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. എം എസ് ധോണിയെയും വിരാട് കോലിയെയും മറികടന്നാണ് ഗാംഗുലിയുടെ പേര് വീരു പറഞ്ഞത്. 

ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച 2000ലെ ഒത്തുകളി വിവാദത്തിന് ശേഷം ടീമിനെ പടുത്തുയര്‍ത്തിയ സൂപ്പര്‍ നായകനാണ് ദാദ. ഗാംഗുലിക്ക് കീഴില്‍ ഇന്ത്യ വിദേശത്ത് ടെസ്റ്റുകളും ടൂര്‍ണമെന്‍റുകളും വിജയിച്ചു. ടീം അംഗങ്ങളില്‍ നിന്ന് 100 ശതമാനം പ്രകടനം കണ്ടെത്തുന്നയാളാണ് മികച്ച നായകനെന്നും ഒരു പരിപാടിക്കിടെ വീരു വ്യക്തമാക്കി.  

മുഹമ്മദ് അസ്‌ഹറുദീന്‍ നായകനായിരുന്ന കാലത്താണ് 2000ല്‍ കോഴ വിവാദം ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ചത്. ഇതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ തിരിച്ചുവരവ് സൗരവ് ഗാംഗുലിക്ക് കീഴിലായിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍മാരായി വിശേഷിപ്പിക്കപ്പെടുന്നവരാണ് ഗാംഗുലിയും ധോണിയും. കോലി നിലവിലെ നായകനാണ്