ഐസിസി ടി20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് അഭിഷേക്.
ദില്ലി: ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മാച്ച് വിന്നര്‍മാര്‍ ആരൊക്കെ ആയിരിക്കുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. മൂന്ന് പേരുടെ പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണെ സെവാഗ് ഉള്‍പ്പെടുത്തിയിട്ടില്ല. കിരീടം നിലനിര്‍ത്താനാണ് ഇന്ത്യ ഇറങ്ങുന്നത്. സെപ്റ്റംബര്‍ 10 ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാനും ഒമാനുമാണ് ഗ്രൂപ്പില്‍ ഇന്ത്യയുടെ എതിരാളി. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമിലേക്ക് ശുഭ്മാന്‍ ഗില്ലിനെ തിരിച്ചുവിളിച്ചിരുന്നു. ഗില്ലാണ് വൈസ് ക്യാപ്റ്റനും.
ഇതിനിടെയാണ് സെവാഗ് മൂന്ന് മാച്ച് വിന്നര്‍മാരെ തിരഞ്ഞെടുത്തുത്. അഭിഷേക് ശര്‍മ, ജസ്പ്രിത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി എന്നിവരായിരിക്കും മാച്ച് വിന്നര്‍മാരാണെന്നാണ് സെവാഗിന്റെ പ്രവചനം. മുന്‍ ഇന്ത്യന്‍ ഓപ്പണറുടെ വാക്കുകള്‍... ''അഭിഷേക് ശര്‍മയ്ക്ക് ഗെയിം ചേഞ്ചര്‍ ആകാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. ബുമ്ര എപ്പോഴും ഗെയിം ചേഞ്ചറാണെന്ന് നമുക്ക് അറിയാവുന്നതാണ്. ചാമ്പ്യന്‍സ് ട്രോഫിയിലും ടി20 ഫോര്‍മാറ്റിലും വരുണ്‍ ചക്രവര്‍ത്തി തന്റെ ബൗളിംഗ് മികവ് കൊണ്ട് അമ്പരപ്പിച്ചിരുന്നു. ഇന്ത്യയ്ക്ക് സ്വന്തം പ്രകടനത്തിന്റെ പുറത്ത് ജയിപ്പിക്കാനുള്ള കഴിവ് മൂന്ന് താരങ്ങള്‍ക്കുമുണ്ട്.'' സെവാഗ് പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന ബുമ്ര അവസാനമായി ടി20 കളിച്ചത് 2024 ലെ ലോകകപ്പ് ഫൈനലിലാണ്. അതിനുശേഷം, നട്ടെല്ലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്തായതി. പിന്നീട് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പ്രധാന ടൂര്‍ണമെന്റുകളില്‍ മാത്രം ബുമ്രയെ കളിപ്പിച്ചാല്‍ മതിയെന്നായി. അടുത്തിടെ സമാപിച്ച ആന്‍ഡേഴ്സണ്‍-ടെണ്ടുല്‍ക്കര്‍ ട്രോഫിയില്‍, വര്‍ക്ക്ലോഡ് മാനേജ്മെന്റിന്റെ ഭാഗമായി അഞ്ച് ടെസ്റ്റുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമേ ബുമ്ര കളിച്ചിരുന്നൊള്ളൂ. ഐപിഎല്ലില്‍ 12 മത്സരങ്ങളില്‍ നിന്ന് 6.67 എന്ന എക്കണോമിയില്‍ 18 വിക്കറ്റുകള്‍ വീഴ്ത്താന്‍ ബുമ്രയ്ക്ക് സാധിച്ചിരുന്നു.
ഐസിസി ടി20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് അഭിഷേക്. 2024 ജൂലൈയില്‍ സിംബാബ്വെയ്ക്കെതിരെ അരങ്ങേറ്റം കുറിച്ചതിനുശേഷം ഇന്ത്യയുടെ സ്ഥിരം ഓപ്പണറായി. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവന്നതിനുശേഷം വരുണ്‍ ചക്രവര്‍ത്തി തകര്‍പ്പന്‍ ഫോമിലാണ്. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍, ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ കളിക്കാരനായിരുന്നു അദ്ദേഹം. പിന്നീട് 2025 ജനുവരിയില്‍ നടന്ന അഞ്ച് മത്സരങ്ങളുള്ള ടി20 ഐ പരമ്പരയില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു, പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡും നേടി. 18 ടി20 മത്സരങ്ങളില്‍ നിന്ന് 7.02 എന്ന എക്കണോമി റേറ്റില്‍ 33 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുമ്ര, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്
സ്റ്റാന്‍ഡ് ബൈ കളിക്കാര്‍: യശസ്വി ജയ്സ്വാള്‍, പ്രസിദ്ധ് കൃഷ്ണ, വാഷിംഗ്ടണ്‍ സുന്ദര്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍.

