സണ്‍റൈസേഴ്‌സ് തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ താരത്തിന്‍റെ സംഭാവന വലുതായിരുന്നു എന്ന് സെവാഗ്
ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയ്‌ക്കുള്ള(IND vs SA T20Is) ഇന്ത്യന്‍ ടീമില്‍(Team India) ഐപിഎല്‍ പതിനഞ്ചാം സീസണിലെ(IPL 2022) മികവിന്‍റെ അടിസ്ഥാനത്തില്‍ പല താരങ്ങളും ഇടംപിടിച്ചപ്പോഴും ചിലര്‍ക്ക് സ്ഥാനം ലഭിച്ചിരുന്നില്ല. അവരിലൊരു താരമാണ് ഐപിഎല്‍ സീസണിലെ ഏറ്റവും മികച്ച നമ്പര്‍ 3 ബാറ്റര്‍ എന്ന് ഇന്ത്യന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്(Virender Sehwag ) പറയുന്നു. മുപ്പത്തിയൊന്നുകാരനായ താരത്തിന്‍റെ സ്ഥിരതയാണ് വീരുവിനെ ആകര്‍ഷിച്ചത്.
'സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കുപ്പായത്തില്‍ തിളങ്ങിയ രാഹുല്‍ ത്രിപാഠിക്കാണ് വീരേന്ദര്‍ സെവാഗിന്‍റെ പ്രശംസ. മൂന്നാം നമ്പറില്‍ ത്രിപാഠി നന്നായി ബാറ്റ് ചെയ്‌തു. സീസണില്‍ 400ലധികം റണ്‍സ് സ്‌കോര്‍ ചെയ്‌തു. എല്ലാ ടീമിലെയും ഏറ്റവും മികച്ച മൂന്നാം നമ്പറുകാരനെ തിരഞ്ഞാല്‍ അത് രാഹുല്‍ ത്രിപാഠിയായിരിക്കും. ഏറെ റണ്‍സ് കണ്ടെത്തിയതിനൊപ്പം ടീമിനെ നിരവധി മത്സരങ്ങളില്‍ ജയിപ്പിക്കുകയും ചെയ്‌തു. സണ്‍റൈസേഴ്‌സ് തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ത്രിപാഠിയുടെ സംഭാവന വലുതായിരുന്നു' എന്നും സെവാഗ് ക്രിക്‌ബസിനോട് പറഞ്ഞു.
കഴിഞ്ഞ ഐപിഎല്‍ സീസണ്‍ വരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ താരമായിരുന്ന രാഹുല്‍ ത്രിപാഠിയെ 8.5 കോടി രൂപയ്‌ക്കാണ് മെഗാതാരലേലത്തില്‍ സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. 14 മത്സരങ്ങളില്‍ മൂന്ന് അര്‍ധസെഞ്ചുറിയോടെ 413 റണ്‍സ് താരം നേടി. 37.55 ശരാശരിയിലും 158.24 സ്‌ട്രൈക്ക് റേറ്റിലുമായിരുന്നു ഇത്. ഉയര്‍ന്ന സ്‌കോര്‍ 76. സണ്‍റൈസേഴ്‌സ് തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ 39*, 17, 71, 34, 7* എന്നിങ്ങനെ സ്‌കോറുണ്ടായിരുന്നു രാഹുല്‍ ത്രിപാഠിക്ക്. ഐപിഎല്‍ കരിയറിലാകെ 76 മത്സരങ്ങളില്‍ 10 ഫിഫ്റ്റിയോടെ 1798 റണ്‍സാണ് ത്രിപാഠിക്കുള്ളത്.
ഐപിഎല്‍ മികവിന്‍റെ അടിസ്ഥാനത്തില്‍ രാഹുല്‍ ത്രിപാഠിയെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ പരിഗണിച്ചില്ല. ഇന്ത്യന്‍ ടീമില്‍ രാഹുല്‍ ത്രിപാഠിക്ക് അവസരം നല്‍കാന്‍ വൈകുന്നതിനെ നേരത്തെ വീരു വിമര്‍ശിച്ചിരുന്നു. ത്രിപാഠിക്ക് ഇന്ത്യന്‍ ഇതിഹാസ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗും പിന്തുണ അറിയിച്ചിരുന്നു. ടി20 ലോകകപ്പില്‍ രാഹുല്‍ ത്രിപാഠിയെ ഉള്‍പ്പെടുത്തണമെന്ന് ഓസീസ് ഇതിഹാസം മാത്യൂ ഹെയ്‌ഡന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഉത്തരവാദിത്വത്തോടെ കളിക്കുന്നതും മികച്ച രീതിയില്‍ ആക്രമിച്ച് കളിക്കുന്നതും ത്രിപാഠിയുടെ കഴിവ് വ്യക്തമാക്കുന്നുണ്ട് എന്നായിരുന്നു ഹെയ്‌ഡന്‍റെ നിരീക്ഷണം.
ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടി20 സ്‌ക്വാഡ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.
