കെ എല്‍ രാഹുലിനെ (KL Rahul) മാറ്റിനിര്‍ത്തിയാല്‍ വിരാട് കോലിയും രോഹിത് ശര്‍മയും സ്ഥിരത കാണിക്കുന്നില്ല. ഈ പ്രശ്‌നത്തിന് പരിഹാരം നിര്‍ദേശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ടോപ് ത്രീയില്‍ ഇഷാന്‍ കിഷന്‍ (Ishan Kishan) വേണമെന്നാണ് സെവാഗിന്റെ അഭിപ്രായം.

ദില്ലി: ടി20 ലോകകപ്പിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. വരാനിരിക്കുന്ന പരമ്പരകളില്‍ നിന്നാണ് ലോകകപ്പിനുള്ള (T20 World Cup) ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തുക. ഒക്ടോബറില്‍ ഓസ്‌ട്രേലിയയിലാണ് ലോകകപ്പ്. ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ കളിക്കാന്‍ കഴിവുള്ള താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീം പ്രഖ്യാപിക്കുക. പേസിനെ തുണയ്ക്കുന്ന പിച്ചുകളില്‍ കളിക്കാന്‍ കെല്‍പ്പുള്ള താരങ്ങളെ ഒരുക്കിയെടുക്കുകയാണ് ടീം മാനേജ്‌മെന്റ്. 

എന്നാല്‍ പ്രധാന പ്രശ്‌നം ടോപ് ത്രീയിലാണ്. കെ എല്‍ രാഹുലിനെ (KL Rahul) മാറ്റിനിര്‍ത്തിയാല്‍ വിരാട് കോലിയും രോഹിത് ശര്‍മയും സ്ഥിരത കാണിക്കുന്നില്ല. ഈ പ്രശ്‌നത്തിന് പരിഹാരം നിര്‍ദേശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ടോപ് ത്രീയില്‍ ഇഷാന്‍ കിഷന്‍ (Ishan Kishan) വേണമെന്നാണ് സെവാഗിന്റെ അഭിപ്രായം. കോലിയെ ടോപ് ത്രീയില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുമുണ്ട്. സെവാഗിന്റെ വിശദീകരണമിങ്ങനെ... ''ടോപ് ത്രീയില്‍ എന്തായാലും ഇടത്- വലത് ബാറ്റ്‌സ്മാന്മാര്‍ വേണം. വ്യക്തിപരമായ അഭിപ്രായത്തില്‍ ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവര്‍ ആവണം ഇന്ത്യയുടെ ടോപ് ത്രീ. ഇഷാനെയാണ് ഞാന്‍ ഓപ്പണിംഗ് സ്ലോട്ടിലേക്ക് പരിഗണിക്കുന്നത്. ആറ്റാക്കിംഗ് ബാറ്റ്‌സ്മാന്മാരുടെ കാര്യത്തില്‍ ഇന്ത്യ ശ്രദ്ധിക്കണം. രാഹുലിനൊപ്പം ഇഷാാന്‍ ഓപ്പണറായാല്‍ അത് കൂടുതല്‍ ആവേശമാകും.'' സെവാഗ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ടി20 പരമ്പര. മൂന്ന് മത്സരങ്ങളാണ് ഇന്ത്യ, ഇംഗ്ലണ്ടില്‍ കളിക്കുക. രണ്ടാംനിര താരങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീം അയര്‍ലന്‍ഡില്‍ പര്യടനം നടത്തുന്നുണ്ട്. രണ്ട് മത്സരങ്ങളാണ് ഇന്ത്യ അയര്‍ലന്‍ഡിനെതിരെ കളിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ ആദ്യ മത്സരം ജയിച്ചിരുന്നു. സീനിയര്‍- ജൂനിയര്‍ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. 

ഇന്ത്യക്ക് അഭിമാന പോരാട്ടമാണിത്. 2021ലെ ലോകകപ്പില്‍ ഇന്ത്യ തീര്‍ത്തും നിറം മങ്ങിയിരുന്നു. സെമി പോലും കാണാനായില്ലെന്ന് മാത്രമല്ല ലോകകപ്പ് ചരിത്രത്തിലാദ്യമായി പാകിസ്താനോട് തോല്‍ക്കുകയും ചെയ്തു. അതും 10 വിക്കറ്റിന്റെ വമ്പന്‍ തോല്‍വി. ഇത്തണ ഇതിനെല്ലാം പ്രായശ്ചിത്തം ചെയ്ത് ഇന്ത്യക്ക് ഗംഭീര തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. അന്നത്തെ ക്യാപ്റ്റനായിരുന്ന വിരാട് കോലിക്ക് പകരം രോഹിത്താണ് ഇന്ത്യയെ നയിക്കുന്നത്. രവി ശാസ്ത്രിക്ക് പകരം രാഹുല്‍ ദ്രാവിഡാണ് പരിശീലകന്‍.