ലോക ക്രിക്കറ്റിലെ ഇതിഹാസ ഓപ്പണര്‍മാരുടെ പട്ടികയിലാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗിന്‍റെ സ്ഥാനം

ദില്ലി: 2007 ലോകകപ്പിലെ പരാജയം കരിയറിലെ വലിയ ദുഖങ്ങളില്‍ ഒന്നെന്ന് ഇന്ത്യന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. 2003 ലോകകപ്പില്‍ ഫൈനലിലെത്തിയ ടീമിലെ മിക്ക താരങ്ങളും സ്‌ക്വാഡിലുണ്ടായിട്ടും ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നില്‍ ഒരു മത്സരം മാത്രമായിരുന്നു ടീം ഇന്ത്യക്ക് ജയിക്കാനായത്. '2007 ലോകകപ്പിലെ ഇന്ത്യന്‍ ടീം ഏറ്റവും മികച്ചതായിരുന്നു. അതിനേക്കാള്‍ ശക്തമായ ടീം പേപ്പറില്‍ മുമ്പുണ്ടായിരുന്നില്ല. ബര്‍മുഡയ്‌ക്കെതിരെ ഒരു മത്സരം മാത്രം ജയിച്ച് പുറത്തായത് ഏറെ വേദനിപ്പിച്ചു' എന്നും സെവാഗ് ബ്രേക്ക്‌ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് ഷോയില്‍ പറഞ്ഞു. 

പേടിപ്പെടുത്തിയ ബൗളര്‍?

ലോക ക്രിക്കറ്റിലെ ഇതിഹാസ ഓപ്പണര്‍മാരുടെ പട്ടികയിലാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗിന്‍റെ സ്ഥാനം. ടെസ്റ്റ് ക്രിക്കറ്റില്‍ ഏകദിന ശൈലി അവലംബിച്ച് ബൗളര്‍മാരെ തലങ്ങുംവിലങ്ങും പായിക്കുകയായിരുന്നു സെവാഗിന്‍റെ രീതി. ഏതൊരു ബൗളറെ സംബന്ധിച്ചും സെവാഗ് വളരെ അപകടകാരിയായി മാറിയത് ഇതുകൊണ്ടാണ്. എന്നാല്‍ സെവാഗിനെ വിറപ്പിച്ച ഒരൊറ്റ ബൗളറെ ലോകത്തുള്ളൂ. ആ താരത്തിന്‍റെ പേര് തുറന്നുപറഞ്ഞിരിക്കുകയാണ് വീരു. 

ശ്രീലങ്കന്‍ സ്‌പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനെ നേരിടാനാണ് താന്‍ ഭയപ്പെട്ടിരുന്നത് എന്നാണ് വീരേന്ദര്‍ സെവാഗിന്‍റെ വാക്കുകള്‍. 'പുറത്താക്കും എന്ന് ‌ഞാന്‍ ഭയപ്പെട്ടിരുന്ന ഏക ബൗളര്‍ മുരളീധരനാണ്. അത് ഷെയ്‌ന്‍ വോണോ ഷൊയ്‌ബ് അക്‌തറോ ബ്രെറ്റ് ലീയോ ഗ്ലെന്‍ മഗ്രാത്തോ ആണെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അവരൊന്നും പുറത്താക്കും എന്ന് പേടിച്ചിരുന്നില്ല. എന്നാല്‍ പന്ത് ശരീരത്തിലോ ഹെല്‍മറ്റിലോ കൊള്ളുമെന്ന് ഭയപ്പെട്ടിരുന്നു. മഗ്രാത്തിനെതിരെ റണ്‍സ് കണ്ടെത്താന്‍ കഴിയില്ല എന്നത് മാത്രമായിരുന്നു പ്രശ്‌നം. മുരളീധരനെതിരെ റണ്‍സ് കണ്ടെത്താന്‍ കഴിയില്ലെന്ന് മാത്രമല്ല, ഔട്ടാകും എന്നും ഭയപ്പെട്ടിരുന്നു. അദേഹത്തിന്‍റെ ദൂസരയ്‌ക്കെതിരെ റണ്‍സ് കണ്ടെത്തുക വെല്ലുവിളിയായിരുന്നു'. 

ഐതിഹാസികം കരിയര്‍? 

ടീം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളും ലോക ക്രിക്കറ്റിലെ വിനാശകാരിയായ ബാറ്റര്‍മാരില്‍ ഒരാളുമായാണ് വീരേന്ദര്‍ സെവാഗ് വിശേഷിപ്പിക്കപ്പെടുന്നത്. 104 ടെസ്റ്റുകളില്‍ 49.34 ശരാശരിയിലും 82.23 സ്ട്രൈക്ക് റേറ്റിലും 8586 റണ്‍സ് അടിച്ചുകൂട്ടി. ഇവയില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ചുറികളും 23 സെഞ്ചുറികളും ആറ് ഇരട്ട ശതകങ്ങളും ഉള്‍പ്പെടുന്നു. 251 ഏകദിനങ്ങളില്‍ 35.06 ശരാശരിയിലും 104.34 സ്ട്രൈക്ക് റേറ്റിലും 15 സെഞ്ചുറികളോടെയും ഒരു ഡബിള്‍ സെഞ്ചുറിയോടേയും 8273 റണ്‍സും സ്വന്തമാക്കി. 19 രാജ്യാന്തര ടി20കളില്‍ 394 റണ്‍സും സെവാഗിനുണ്ട്. ഐപിഎല്ലില്‍ 104 മത്സരങ്ങളില്‍ രണ്ട് സെഞ്ചുറികള്‍ അടക്കം 2728 റണ്‍സും വീരുവിനുണ്ട്. പാര്‍ട്‌ടൈം ബൗളറായി പന്തെറി‌ഞ്ഞിട്ടുള്ള സെവാഗ് ടെസ്റ്റില്‍ 40 ഉം ഏകദിനത്തില്‍ 96 ഉം വിക്കറ്റ് പേരിലാക്കി. 

Read more: ഫൈനലില്‍ ഡേവിഡ് വാര്‍ണറെ ഭയന്നേ മതിയാകൂ; ടീം ഇന്ത്യക്ക് മുന്നറിയിപ്പുമായി ഉസ്‌മാന്‍ ഖവാജ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News