ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര നേടിയശേഷം നാലാം മത്സരത്തില്‍ റിസര്‍വ് താരങ്ങള്‍ക്ക് അവസരം നല്‍കിയപ്പോഴും ഋഷഭ് പന്തിന് അവസരം നല്‍കാതിരുന്ന ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. പന്തിനെ വീണ്ടും സൈഡ് ബെഞ്ചിലിരുത്തിയിരിക്കുകയാണ്. സൈഡ് ബെഞ്ചിലിരുന്ന് അയാള്‍ എങ്ങനെ റണ്‍സ് സ്കോര്‍ ചെയ്യുമെന്ന് സെവാഗ് ചോദിച്ചു.

റിസര്‍വ് ബെഞ്ചിലിരുത്തിയാല്‍ സച്ചിനുപോലും റണ്‍സ് നേടാനാവില്ല. ഋഷഭ് പന്ത് മാച്ച് വിന്നറാണെന്ന് ടീം മാനേജ്മെന്റ് കരുതുന്നുവെങ്കില്‍ അയാളെ എന്തുകൊണ്ട് കളിപ്പിക്കുന്നില്ലെന്നും സെവാഗ് ചോദിച്ചു. ഒരു കളിക്കാരനെ അടുത്ത വലിയ സംഭവം എന്ന രീതിയില്‍ അവതരിപ്പിച്ചിട്ട് ഇത്തരത്തില്‍ ഒഴിവാക്കുന്നത് ശരിയല്ല.

പന്തിന് സ്ഥിരതയില്ലാത്തതാണ് പ്രശ്നമെങ്കില്‍ അത് ക്യാപ്റ്റന്‍ അയാളോട് വ്യക്തമായി പറയണം. ഞങ്ങളുടെ കാലത്ത് ക്യാപ്റ്റനും കളിക്കാരും തമ്മില്‍ അത്തരത്തിലുള്ള ആശയവിനിമയം നടന്നിരുന്നു. കോലി അത്തരത്തില്‍ പന്തിനോട് സംസാരിച്ചിരുന്നോ എന്ന് എനിക്കറിയില്ല. പക്ഷെ ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. എഷ്യാ കപ്പില്‍ രോഹിത് ശര്‍മ ക്യാപ്റ്റനായിരുന്നപ്പോള്‍ അദ്ദേഹം കളിക്കാരോടെല്ലാം സംസാരിക്കാറുണ്ടായിരുന്നുവെന്ന്.

ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ ഞങ്ങള്‍ക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ സീനിയര്‍ താരങ്ങളായ എന്നെയും ഗംഭീറിനെയും സച്ചിനെയും സ്ലോ ഫീല്‍ഡര്‍മാരായതിന്റെ പേരില്‍ അന്തിമ ഇലവനില്‍ ഒരുമിച്ച് കളിപ്പിക്കാനാവില്ലെന്ന് ധോണി പറഞ്ഞത് മാധ്യമങ്ങള്‍ക്ക് മുമ്പിലായിരുന്നു. അപ്പോഴാണ് ഞങ്ങള്‍ അക്കാര്യം അറിയുന്നത്. ടീം മീറ്റിംഗിലായിരുന്നു അദ്ദേഹം അക്കാര്യം പറയേണ്ടിയിരുന്നത്. അതുപോലെയാണ് ഇപ്പോഴും നടക്കുന്നതെങ്കില്‍ അത് തെറ്റാണെന്നും സെവാഗ് ക്രിക് ബസിനോട് പറഞ്ഞു.