വിശാഖപട്ടണം: ടെസ്റ്റ് ഓപ്പണിംഗ് അരങ്ങേറ്റത്തില്‍ ആരാധക പ്രതീക്ഷ കാക്കുന്ന രോഹിത് ശര്‍മ്മയ്‌ക്ക് കരുത്തുകൂട്ടി മായങ്ക് അഗര്‍വാളിന്‍റെ അര്‍ധ സെഞ്ചുറി. വിശാഖപട്ടണം ടെസ്റ്റില്‍ 37-ാം ഓവറില്‍ കേശവ് മഹാരാജിനെ സിക്‌സര്‍ പറത്തി ആവേശകരമായാണ് മായങ്ക് ഫിഫ്റ്റി തികച്ചത്. ഇരുവരും നിലയുറപ്പിച്ചിരിക്കേ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 124 റണ്‍സെടുത്തിട്ടുണ്ട്. രോഹിത്തിനിപ്പോള്‍ 70 റണ്‍സായി.  

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് സുരക്ഷിത തുടക്കമാണ് രോഹിത്തും മായങ്കും നല്‍കിയത്. കാഗിസോ റബാഡയും വെര്‍നോണ്‍ ഫിലാന്‍ഡറും പന്ത് സ്വിങ് ചെയ്യിച്ചപ്പോള്‍ ആദ്യ സെഷനില്‍ സാവധാനമായിരുന്നു ഓപ്പണര്‍മാര്‍ റണ്‍ കണ്ടെത്തിയത്. പിന്നാലെ ട്രാക്കിലായ രോഹിത് ശര്‍മ്മ അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സുകളുമടക്കം 84 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 30 ഓവറില്‍ 91/0 എന്ന സ്‌കോറിലായിരുന്നു ടീം ഇന്ത്യ. 

ഉച്ചഭക്ഷശേഷം രോഹിത് ശര്‍മ്മ കരുതലോടെ തുടങ്ങിയപ്പോള്‍ സിക്‌സര്‍ പായിച്ചാണ് മായങ്ക് അഗര്‍വാള്‍ അര്‍ധ സെഞ്ചുറി ആഘോഷിച്ചത്. മായങ്ക് ഇതിനകം ഏഴ് ബൗണ്ടറികളും രണ്ട് സിക്‌സും പായിച്ചിട്ടുണ്ട്. നാട്ടിലും വിദേശത്തും ആദ്യ ഇന്നിംഗ്‌സില്‍ അമ്പതിലധികം റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തി ഇതോടെ മായങ്ക് അഗര്‍വാള്‍. 

ഇന്ത്യ ഇലവന്‍: Rohit Sharma, Mayank Agarwal, Cheteshwar Pujara, Virat Kohli(c), Ajinkya Rahane, Hanuma Vihari, Wriddhiman Saha(w), Ravindra Jadeja, Ravichandran Ashwin, Ishant Sharma, Mohammed Shami