Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ പേസര്‍മാര്‍ പിച്ച് വാഴുന്ന കാലമുണ്ടാവുമെന്ന് കരുതിയിരുന്നില്ലെന്ന് വിവിയന്‍ റിച്ചാര്‍ഡ്‌സ്

ഇന്ത്യന്‍ പേസര്‍മാര്‍ കൊടുങ്കാറ്റാവുകയായിരുന്നു കരീബിയന്‍ മണ്ണില്‍. ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള സംഘം വിന്‍ഡീസ് ബാറ്റ്‌സ്മാന്മാരെ അധികനേരം ക്രീസില്‍ നിര്‍ത്തിയില്ല.

Vivian Richards on Indian pacers performance
Author
Kingston, First Published Sep 2, 2019, 3:57 PM IST

കിംഗ്സ്റ്റണ്‍: ഇന്ത്യന്‍ പേസര്‍മാര്‍ കൊടുങ്കാറ്റാവുകയായിരുന്നു കരീബിയന്‍ മണ്ണില്‍. ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള സംഘം വിന്‍ഡീസ് ബാറ്റ്‌സ്മാന്മാരെ അധികനേരം ക്രീസില്‍ നിര്‍ത്തിയില്ല. ബുംറയ്‌ക്കൊപ്പം മുഹമ്മദ് ഷമിയും ഇശാന്ത് ശര്‍മയും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. വിന്‍ഡീസിന്റെ ഇതിഹാസ താരങ്ങള്‍ പോലും ഇന്ത്യന്‍ പേസ് സംഘത്തെ പുകഴ്ത്തി രംഗത്തെത്തി. 

കിംഗ്സ്റ്റണ്‍ ടെസ്റ്റില്‍ ഹാട്രിക് പ്രകടനത്തോടെ ബുംറ ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്ത്യക്ക് വേണ്ടി ഹര്‍ഭജന്‍ സിങ്ങിനും ഇര്‍ഫാന്‍ പഠാനും ശേഷം ടെസ്റ്റില്‍ ഹാട്രിക് തികയ്ക്കുന്ന ബൗളറായി മാറി ബുംറ. ഷമിയാവട്ടെ ടെസ്റ്റ് ക്രിക്കറ്റില്‍ 150 വിക്കറ്റെന്ന നേട്ടവും പിന്നിട്ടു. ടെസ്റ്റില്‍ വേഗത്തില്‍ 150 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ പേസറായി ഷമി. 

ഇശാന്താവട്ടെ ഏഷ്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ ബൗളറായി. കപില്‍ ദേവിനെയാണ് താരം മറികടന്നത്. ഇതെല്ലാം കണ്ട് അന്തംവിട്ടിരിക്കുകയാണ് വിന്‍ഡീസിന്റെ ഇതിഹാസതാരം വിവിയന്‍ റിച്ചാര്‍ഡ്‌സ്. ഇന്ത്യന്‍ പേസര്‍മാര്‍ ക്രിക്കറ്റ് പിച്ചുകള്‍ ഭരിക്കുന്ന കാലം ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ കാണാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നാണ് റിച്ചാര്‍ഡ്‌സ് വ്യക്തമാക്കിയത്.

അദ്ദേഹം തുടര്‍ന്നു... ''ഇന്ത്യന്‍ ടീമിന്റെ പേസ് വകുപ്പ് ബുംറ, ഷമി, ഇശാന്ത് എന്നിവരുടെ കൈകളില്‍ ഭദ്രമാണ്. തങ്ങള്‍ക്ക് വേള്‍ഡ് ക്ലാസ് ബൗളര്‍മാരെ ഒരുക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് ഇന്ത്യ. ഇന്ത്യന്‍ പേസര്‍മാര്‍ ക്രിക്കറ്റ് പിച്ചുകള്‍ ഭരിക്കുന്ന കാലം ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ കാണാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല.'' റിച്ചാര്‍ഡ്‌സ് പറഞ്ഞുനിര്‍ത്തി.

Follow Us:
Download App:
  • android
  • ios