ഹൈദരാബാദ്: ടീം ഇന്ത്യയുടെ ഫീല്‍ഡിംഗിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം വിവിഎസ് ലക്ഷ്‌മണ്‍. ന്യൂസിലന്‍ഡില്‍ ഏകദിന പരമ്പര നഷ്‌മാകാന്‍ പ്രധാന കാരണങ്ങളിലൊന്ന് ഫീല്‍ഡിംഗ് പിഴവാണെന്ന് വിവിഎസ് കുറ്റപ്പെടുത്തി.

'ടി20 പരമ്പരയിലേറ്റ 0-5ന്‍റെ തോല്‍വിക്ക് ന്യൂസിലന്‍ഡ് ഏകദിന പരമ്പരയില്‍ 3-0ന് ജയിച്ച് പകരംവീട്ടി. ന്യൂസിലന്‍ഡ് നന്നായി കളിച്ചപ്പോള്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ചെറിയ സഹായവും അവര്‍ക്ക് ലഭിച്ചു. വിരാട് കോലിയും സംഘവും ബൗളിംഗിലും, പ്രത്യേകിച്ച് ഫീല്‍ഡിംഗില്‍ നിരാശപ്പെടുത്തി' എന്നും വിവിഎസ് ലക്ഷ്‌മണ്‍ ടൈംസ് ഓഫ് ഇന്ത്യയിലെ കോളത്തിലെഴുതി. എന്നാല്‍ പരമ്പരയില്‍ മികച്ചുനിന്ന രണ്ട് ബാറ്റ്സ്‌മാന്‍മാരെ പ്രശംസിക്കാന്‍ മുന്‍താരം മറന്നില്ല. 'ബാറ്റിംഗില്‍ മികച്ചുനിന്ന ശ്രേയസ് അയ്യര്‍ നാലാം നമ്പര്‍ ചര്‍ച്ചയ്‌ക്ക് വിരാമമിട്ടു. കെ എല്‍ രാഹുല്‍ ഒരിക്കല്‍ കൂടി തന്‍റെ കഴിവ് തെളിയിച്ചു' എന്നും ലക്ഷ്‌മണ്‍ കുറിച്ചു. 

ഫീല്‍ഡിംഗില്‍ നായകന്‍ വിരാട് കോലിയെ സഹതാരങ്ങള്‍ കണ്ടുപഠിക്കണമെന്ന് ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍ വ്യക്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും കിവീസ് ടോപ് സ്‌കോറര്‍ റെസ് ടെയ്‌ലറെ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടിരുന്നു. ഫീല്‍ഡിംഗ് പരാജയം പരമ്പരയുടെ ഗതി നിര്‍ണയിക്കുന്നതിനെ സ്വാധീനിച്ചതായി വിരാട് കോലി തുറന്നുസമ്മതിച്ചിരുന്നു. ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ടീം ഇന്ത്യ തോല്‍വി സമ്മതിക്കുകയായിരുന്നു.