ഹൈദരാബാദ്: അടുത്തകാലത്താണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പേസ് ബൗളിങ് വകുപ്പ് ഇത്രയേറെ ശ്രദ്ധിക്കപ്പെടുന്നത്. ഒരു സമയത്ത് ലക്ഷ്ണമൊത്ത ഒരു പേസ് ബൗളരെ കണ്ടെത്താന്‍ പോലും ഇന്ത്യ ബുദ്ധിമുട്ടിയിരുന്നു. ഇപ്പോഴാണെങ്കില്‍ ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, നവ്ദീപ് സൈനി... അങ്ങനെ പോകുന്നു നിര. എന്നാല്‍ ഇന്ത്യന്‍ പേസ് ബൗളിങ്ങിന്റെ ജാതകം മാറ്റിയത് ജവഗല്‍ ശ്രീനാഥാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. 

ട്വിറ്ററിലാണ് ലക്ഷ്മണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. ''ക്രിക്കറ്റുമായി അധികം ബന്ധമില്ലാത്ത മൈസൂരൂവില്‍നിന്നെത്തിയ ഈ ബോളറാണ് ജവഗല്‍ ശ്രീനാഥ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ പേസ് ബോളിങ് വിപ്ലവത്തിനു തുടക്കം കുറിച്ചത് ശ്രീനാഥാണ്. തീര്‍ത്തും പ്രതികൂല സാഹചര്യങ്ങളില്‍പ്പോലും ടീമിന്റെ ആവശ്യം കണ്ടറിഞ്ഞ് ആവേശത്തോടെ അദ്ദേഹം ബോള്‍ ചെയ്തു. വിപരീത സാഹചര്യങ്ങളിലും ടീമിനുവേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ആവേശമാണ് ശ്രീനാഥിന്റെ ശക്തി.''  ലക്ഷ്മണ്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റിലും രാജ്യാന്തര  ക്രിക്കറ്റിലും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ ക്രിക്കറ്റ് താരമാണ് ജവഗല്‍ ശ്രീനാഥെന്ന്  മുന്‍ ദക്ഷിണാഫ്രിക്കന്‍ ഷോണ്‍ പൊള്ളോക്ക് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. 1991ല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറിയ ശ്രീനാഥ് ഒരു പതിറ്റാണ്ടു പിന്നിട്ട രാജ്യാന്തര കരിയറില്‍ ഇന്ത്യയ്ക്കായി 67 ടെസ്റ്റുകളും 229 ഏകദിനങ്ങളും കളിച്ചു. ടെസ്റ്റില്‍ 236 വിക്കറ്റുകളും ഏകദിനത്തില്‍ 315 വിക്കറ്റുകളും വീഴ്ത്തി.