ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേയും ആഭ്യന്തര ക്രിക്കറ്റിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് സെലക്റ്റര്‍മാരുടെ കണ്ണുത്തുറപ്പിച്ചത്. 

ഹൈദരാബാദ്: ദീര്‍ഘനാളായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കുകയായിരുന്നു മുംൈബ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയിലാണ് താരത്തിന് അവസരം ലഭിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേയും ആഭ്യന്തര ക്രിക്കറ്റിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് സെലക്റ്റര്‍മാരുടെ കണ്ണുത്തുറപ്പിച്ചത്. താരം പ്ലയിംഗ് ഇലവനില്‍ ഉണ്ടാവുമോ എന്നുള്ള കാര്യം ഇതുവരെ ഉറപ്പായിട്ടില്ല. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. 

താരത്തെ പ്ലയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നാണ് ലക്ഷ്മണിന്റെ അഭിപ്രായം. അദ്ദേഹം പറയുന്നതിങ്ങനെ... ''ഐപിഎല്ലില്‍ സ്ഥിരതയോടെ കളിക്കുന്ന താരമാണ് സൂര്യകുമാര്‍ യാദവ്. ഇന്ത്യയിലെ യുവതാരങ്ങള്‍ക്കെല്ലാം സൂര്യകുമാറിനെ റോള്‍ മോഡല്‍ ആക്കാം. ആഭ്യന്തര ക്രിക്കറ്റില്‍ നന്നായി കളിക്കുന്നവരെല്ലാം ഇന്ത്യന്‍ ടീമില്‍ സ്ഥാനം കിട്ടുമെന്ന് പ്രതീക്ഷിക്കും. 

പക്ഷേ, ഇന്ത്യന്‍ ടീമില്‍ എത്തുക ഒട്ടും എളുപ്പമല്ല. ഇതുകൊണ്ടുതന്നെ മിക്കവരുടേയും ക്ഷമനശിക്കും. എന്നാല്‍ സൂര്യകുമാര്‍ കിട്ടിയ അവസരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തി. ഏറെക്കാലം കാത്തിരുന്നാണ് ഇന്ത്യന്‍ ടീമിലെത്തിയത്. ഇത് ഏതൊരു യുവതാരത്തിനും മാതൃകയാണ്.'' ലക്ഷ്മണ്‍ പറഞ്ഞു.

ഇത്തവണ വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി ടി20 എന്നീ ടൂര്‍ണമെന്റുകളിലെല്ലാം മികച്ച പ്രകടനമണ് മുംബൈക്ക് വേണ്ടി താരം പുറത്തെടുത്തത്. യുഎഇയില്‍ അവസാനിച്ച ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ റണ്‍വേട്ടക്കാരില്‍ ഒരാളാണ് സൂര്യകുമാര്‍.