ഹൈദരാബാദ്: ഓസ്ട്രേലിയക്കെതിരായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മ ഓപ്പണറായി  ഇറങ്ങുമ്പോള്‍ ഫോമിലല്ലാത്ത മായങ്ക് അഗര്‍വാളിനെ ഇന്ത്യ പുറത്തിരുത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ഓപ്പണര്‍ എന്ന നിലയില്‍ മികച്ച റെക്കോര്‍ഡുള്ള രോഹിത്തിനെ സിഡ്നിയിലും ഓപ്പണറായി തന്നെ ഇന്ത്യ കളിപ്പിക്കണമെന്നും സ്റ്റാര്‍ സ്പോര്‍ട്സ് ടോക് ഷോയില്‍ പങ്കെടുക്കവെ ലക്ഷ്മണ്‍ പറഞ്ഞു.

വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത്തിന്‍റെ സാന്നിധ്യം ടീമിന് വലിയ ആശ്വാസമാണ്. ഓപ്പണറെന്ന നിലയില്‍ തിളങ്ങാന്‍ രോഹിത്തിനാവും. ന്യൂബോള്‍ അതിജീവിച്ചാല്‍ സിഡ്നിയില്‍ രോഹിത്തില്‍ നിന്ന് വലിയൊരു സെഞ്ചുറി പ്രതീക്ഷിക്കാമെന്നും ലക്ഷ്മണ്‍ പറഞ്ഞു.

അഡ്‌ലെയ്‌ഡിലെ തോല്‍വിക്ക് മെല്‍ബണില്‍ ഇന്ത്യ നല്‍കിയത് ഉചിതമായ മറുപടിയായിരുന്നു. അഡ്‌ലെയ്ഡില്‍ 36 റണ്‍സിന് പുറത്തായതിന് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലി പിതൃത്വ അവധിയെടുത്ത് മടങ്ങുകയും മുഹമ്മദ് ഷമി പരിക്കേറ്റ് മടങ്ങുകയും ചെയ്തിട്ടും മെല്‍ബണില്‍ ഇന്ത്യ ജയിച്ചു കയറി. അതുകൊണ്ടുതന്നെ തിരിച്ചടികള്‍ക്ക് നടുവില്‍ നിന്ന് മെല്‍ബണില്‍ ഇന്ത്യ നടത്തിയ തിരിച്ചുവരവിനെ അഭിനന്ദിച്ചേ മതിയാകു. സിഡ്നിയിലും ജയിച്ചാല്‍  3-1ന് പരമ്പര നേടാന്‍ ഇന്ത്യക്ക് മികച്ച സാധ്യതയുണ്ടെന്നും ലക്ഷ്മണ്‍ പറഞ്ഞു.

സിഡ്നിയില്‍ രോഹിത്തിനെ ഓപ്പണറാക്കിയാല്‍ മായങ്ക് അഗര്‍വാളാകും ടീമില്‍ നിന്ന് പുറത്തുപോവേണ്ടിവരിക. എന്നാല്‍ രോഹിത്തിനെ മധ്യനിരയില്‍ കളിപ്പിക്കാന്‍ താരുമാനിച്ചാല്‍ ഹനുമാ വിഹാരിക്ക് പുറത്തുപോകേണ്ടിവരും. ഈ സാഹചര്യത്തിലാണ് ലക്ഷ്മണിന്‍റെ പ്രസ്താവന.