Asianet News MalayalamAsianet News Malayalam

എം എസ് ധോണിയുടെ ഭാവി; നിര്‍ണായക സൂചനകളുമായി രവി ശാസ്‌ത്രി

ഇന്ത്യന്‍ ടീമില്‍ ധോണിയുടെ ഭാവി എന്താകുമെന്ന കാര്യത്തില്‍ സുപ്രധാന സൂചന നല്‍കിയിരിക്കുകയാണ് പരിശീലകന്‍ രവി ശാസ്‌ത്രി

Wait Till IPL Ravi Shastri On MS Dhoni Future
Author
Mumbai, First Published Nov 26, 2019, 3:40 PM IST

മുംബൈ: ഇന്ത്യന്‍ ടീമില്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എം എസ് ധോണി തിരിച്ചെത്തുമോ...ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച ചര്‍ച്ച പൊടിപൊടിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ടീമില്‍ ധോണിയുടെ ഭാവി എന്താകുമെന്ന കാര്യത്തില്‍ സുപ്രധാന സൂചന നല്‍കിയിരിക്കുകയാണ് പരിശീലകന്‍ രവി ശാസ്‌ത്രി. 

ധോണിയുടെ ഭാവി സംബന്ധിച്ച് ഐപിഎല്‍ വരെ കാത്തിരിക്കാന്‍ ശാസ്‌ത്രി പറയുന്നു. "എപ്പോള്‍ വീണ്ടും കളിക്കാനാരംഭിക്കുന്നു, ഐപിഎല്ലിലെ പ്രകടനം എന്നിവ പരിഗണിച്ചായിരിക്കും ടീമില്‍ ധോണിയുടെ ഭാവി. ധോണിയുടെ ഫോമും മറ്റ് വിക്കറ്റ് കീപ്പര്‍മാരുടെ ഫോമും നിര്‍ണായകമാകും. ടി20 ലോകകപ്പിനുള്ള ടീമിനെ നിശ്ചയിക്കുന്നതിന് മുന്‍പുള്ള വമ്പന്‍ ടൂര്‍ണമെന്‍റായിരിക്കും ഐപിഎല്‍" എന്നും ഇന്ത്യന്‍ പരിശീലകന്‍ പറഞ്ഞു. 

"പരിക്കുമൂലം ചിലപ്പോള്‍ താരങ്ങള്‍ക്ക് കളിക്കാനായേക്കില്ല. എങ്കിലും ഐപിഎല്ലിന് ശേഷം ടീമിന്‍റെ കാര്യത്തില്‍ വ്യക്തതയുണ്ടാവും. ലോകകപ്പിന് ആരൊക്കെയുണ്ടാകും എന്ന് ചര്‍ച്ചകള്‍ നടത്താതെ ഐപിഎല്ലിനായി കാത്തിരിക്കുക. രാജ്യത്തെ ഏറ്റവും മികച്ച 17 താരങ്ങള്‍ ആരെന്ന് ഐപിഎല്ലിന് ശേഷം അറിയാം" എന്നും ബാംഗ്ലാദേശിനെതിരായ പരമ്പര ജയത്തിനുശേഷം വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. 

ധോണിയില്ലാത്ത നീണ്ടകാലം

ലോകകപ്പിന് ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല ധോണി. രണ്ട് മാസത്തെ ഇടവേളയെടുക്കുന്നു എന്നാണ് ലോകകപ്പിനൊടുവില്‍ ധോണി വ്യക്തമാക്കിയത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ സേവനം ചെയ്യാന്‍ പോയ ധോണി വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനിന്നു. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ സ്വന്തം നാട്ടില്‍ നടന്ന പരമ്പരയിലും ധോണിയെ കാണാതായതോടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ പടര്‍ന്നു. ബംഗ്ലാദേശിനെതിരെ ടി20യിലും മഹി കളിച്ചില്ല.

Follow Us:
Download App:
  • android
  • ios