ഇന്ത്യന്‍ ടീമിനെ അടുത്ത ആഴ്ച്ച പ്രഖ്യാപിക്കും. ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന പരമ്പരയില്‍ നിന്നും വിട്ടു നിന്നേക്കും.

കൊളംബൊ: ശ്രീലങ്കന്‍ ടി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ച് വാനിന്ദു ഹസരങ്ക. ഇന്ത്യക്കെതിരായ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്ക് മുമ്പാണ് ഹസരങ്കയുടെ തീരുമാനം. ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ജൂലൈ 26, 27, 29 തിയതികളിലാണ് മത്സരം. ഹസരങ്ക ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറിയെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ ടി20 ലോകകപ്പിലാണ് ഹസരങ്ക ലങ്കയെ അവസനമായി നയിച്ചത്. എന്നാല്‍ ടീമിന് സൂപ്പര്‍ എട്ടിലേക്ക് മുന്നേറാന്‍ സാധിച്ചിരുന്നില്ല. രാജി സ്വീകരിച്ച ക്രിക്കറ്റ് ബോര്‍ഡ് ഹസരങ്ക താരമായി ടീമില്‍ തുടരുമെന്നും വ്യക്തമാക്കി.

അതേസമയം ഇന്ത്യന്‍ ടീമിനെ അടുത്ത ആഴ്ച്ച പ്രഖ്യാപിക്കും. ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന പരമ്പരയില്‍ നിന്നും വിട്ടു നിന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജസ്പ്രീത് ബുമ്രക്കും വിശ്രമം അനുവദിച്ചേക്കും. ഈ സാഹചര്യത്തില്‍ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലും ടി20 പരമ്പരയിലും ഇന്ത്യക്ക് പുതിയ നായകന്‍മാരെ കണ്ടെത്തേണ്ടിവരും. ഇന്ത്യന്‍ പരീശിലകനായി ചുമതലയേറ്റെടുത്ത ഗൗതം ഗംഭീര്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നതും ശ്രീലങ്കക്കെതിരായ പരമ്പരയിലായിരിക്കും.

മുന്നില്‍ ക്രിസ്റ്റ്യാനോ മാത്രം! കോപ്പ 2024ലെ ആദ്യ ഗോളോടെ നാഴികക്കല്ല് പിന്നിട്ട് ലിയോണല്‍ മെസി

ടി20യില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ രോഹിത് ശര്‍മയുടെ സ്വാഭാവിക പിന്‍ഗാമിയാകുമെന്നാണ് കരുതുന്നത്. ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ മികച്ച ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്തതോടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മറ്റൊരു പേരും ഇപ്പോള്‍ ബിസിസിഐയുടെയോ സെലക്ടര്‍മാരുടെയോ മുന്നിലില്ല. ഏകദിനത്തില്‍ ആരെ ക്യാപ്റ്റനാക്കണമെന്ന കാര്യത്തിലും സെലക്ടര്‍മാര്‍ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. കെ എല്‍ രാഹുലാകും ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുക എന്നാണ് റിപ്പോര്‍ട്ട്.