ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ ജയം. 23 പന്തിൽ 49 റൺസുമായി പുറത്താവാതെ നിന്ന വാഷിംഗ്ടൺ സുന്ദറാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. ഹൊബാര്‍ട്ടില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 23 പന്തില്‍ 49 റണ്‍സുമായി പുറത്താവാതെ നിന്ന വാഷിംഗ്ടണ്‍ സുന്ദറാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഓസീസിന് വേണ്ടി നതാന്‍ എല്ലിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി. ആദ്യ മത്സരം മഴ മുടക്കിയിരുന്നു. നേരത്തെ ടിം ഡേവിഡ് (38 പന്തില്‍ 74), മാര്‍കസ് സ്‌റ്റോയിനിസ് (39 പന്തില്‍ 64) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഓസീസിന് മികച്ച സ്‌കോറിലേക്ക് നയിച്ചത്. അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തിക്ക് രണ്ട് വിക്കറ്റുണ്ട്.
ഭേദപ്പെട്ട തുടക്കമായിരുന്നു ഇന്ത്യക്ക്. അഭിഷേക് (25) - ഗില്‍ (15) സഖ്യം ഒന്നാം വിക്കറ്റില്‍ 33 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ അഭിഷേകിനെ പുറത്താക്കി എല്ലിസ് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ഗില്ലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കാനും എല്ലിസ് സാധിച്ചു. സൂര്യകുമാര്‍ യാദവിനെ (24) മാര്‍കസ് സ്റ്റോയിനിസ് കൂടി മടക്കിയതോടെ മൂന്നിന് 76 എന്ന നിലയിലായി ഇന്ത്യ. പിന്നീട് തിലക് (26 പന്തില്‍ 29) - അക്‌സര്‍ പട്ടേല്‍ സഖ്യം (12 പന്തില്‍ 17) എന്നിവര്‍ 35 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അക്‌സറിനെ പുറത്താക്കി എല്ലിസ് ഓസീസിന് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇരുവരും മടങ്ങിയെങ്കിലും ജിതേശ് ശര്‍മയെ (13 പന്തില്‍ 22) കൂട്ടുപിടിച്ച് വാഷിംഗ്ടണ്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വാഷിംഗ്ടണിന്റെ ഇന്നിംഗ്‌സ്.
ഓസീസ് തകര്‍ച്ചയോടെ തുടങ്ങി പിന്നെ തകര്‍ത്തടിച്ചു
ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിംഗിനയച്ചപ്പോള്‍ ആഗ്രഹിച്ച തുടക്കമാണ് അര്‍ഷ്ദീപ് സിംഗ് നല്‍കിയത്. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ട്രാവിസ് ഹെഡിനെ (6) മടക്കിയ അര്‍ഷ്ദീപ് സിംഗ് തന്റെ രണ്ടാം ഓവറില്‍ ജോഷ് ഇംഗ്ലിസിനെ കൂടി പുറത്താക്കി ഓസീസിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. എന്നാല്‍ നാലാം നമ്പറില്ഡ ക്രീസിലിറങ്ങിയ ടിം ഡേവിഡ് തുടക്കം മുതല്‍ ആഞ്ഞടിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെ ഒരറ്റത്ത് കാഴ്ചക്കാരനായി നിര്‍ത്തി മറുവശത്ത് ഡേവിഡ് തകര്‍ത്തടിച്ചതോടെ പവര്‍ പ്ലേയില്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഓസീസ് 42ല്‍ എത്തി.
പവര്‍ പ്ലേക്ക് ശേഷമായിരുന്നു ഡേവിഡ് സംഹാരരൂപം പൂണ്ടത്. അക്‌സര്‍ പട്ടേലിനെ ഒരോവറില്‍ കരണ്ട് സിക്‌സ് അടിച്ചു തുടങ്ങിയ ഡേവിഡ് തൊട്ടടുത്ത ഓവറില്‍ ശിവം ദുബെക്കെതിരെ മൂന്ന് ബൗണ്ടറി പറത്തി 23 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. എന്നാല്‍ ഒമ്പതാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തി തുടര്‍ച്ചയായ പന്തുകളില്‍ മിച്ചല്‍ മാര്‍ഷിനെയും(14 പന്തില്‍ 11), മിച്ചല്‍ ഓവനെയും(0) മടക്കി ഇരട്ട പ്രഹരമേല്‍പ്പിച്ചെങ്കിലും ഡേവിഡ് അടിതുടര്‍ന്നു.
പതിനൊന്നാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയെ രണ്ട് തവണ ഡേവിഡ് സിക്‌സിന് പറത്തി. പന്ത്രണ്ടാം ഓവറില്‍ ഓസീസ് 100 കടന്നു. ശിവം ദുബെ എറിഞ്ഞ പതിമൂന്നാം ഓവറില്‍ രണ്ട് സിക്‌സ് അടിച്ച സ്റ്റോയ്‌നിസ് കരുത്തുകാട്ടിയപ്പോള്‍ അവസാന പന്തില്‍ ഡേവിഡിനെ തിലക് വര്‍മ ബൗണ്ടറിയില്‍ പിടികൂടി. ഡേവിഡ് മടങ്ങിയശേഷം കടിഞ്ഞാണേറ്റെടുത്ത സ്റ്റോയ്‌നിസ് തകര്‍ത്തടിച്ചു. 32 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ സ്റ്റോയ്‌നിസ് 39 പന്തില്‍ 64 റണ്‍സെടുത്ത് അര്‍ഷ്ദീപിന്റെ അവസാന ഓവറില്‍ പുറത്തായി. 14 പന്തില്‍ 25 റണ്‍സെടുത്ത മാത്യു ഷോര്‍ട്ട് പുറത്താകാതെ നിന്നു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മെല്‍ബണില്‍ നടന്ന രണ്ടാം മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ശിവം ദുബെക്ക് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ കുല്‍ദീപ് യാദവിന് പകരം അര്‍ഷ്ദീപ് സിംഗും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.



