ദില്ലി: പാക്കിസ്ഥാനെതിരായ ദില്ലി ടെസ്റ്റില്‍ കുംബ്ലെ ഒരു ഇന്നിംഗ്സിലെ പത്തില്‍ പത്ത് വിക്കറ്റും നേടുന്നത് തടയാന്‍ സഹതാരമായിരുന്ന വഖാര്‍ യൂനിസ് ശ്രമിച്ചിരുന്നുവെന്ന് ആവര്‍ത്തിച്ച് മുന്‍ പാക് നായകന്‍ വസീം അക്രം. ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തിലാണ് അക്രം മുന്‍ നിലപാട് ആവര്‍ത്തിച്ചത്.

1999ലെ ദില്ലി ടെസ്റ്റില്‍ കുംബ്ലെ ഒമ്പത് വിക്കറ്റെടുത്ത് നില്‍ക്കെ അവസാന ബാറ്റ്സ്മാനായി വഖാര്‍ യൂനിസ് ആണ് ക്രീസിലെത്തിയത്. എനിക്കൊപ്പം ബാറ്റ് ചെയ്യുന്നതിനിടെ കുംബ്ലെ പത്തില്‍ പത്ത് വിക്കറ്റും എടുക്കുന്നത് തടയാന്‍ മന:പൂര്‍വം റണ്ണൗട്ടായാലോ എന്ന് വഖാര്‍ എന്നോട് ചോദിച്ചു. എന്നാല്‍ അത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് ചേര്‍ന്നതല്ലെന്നായിരുന്നു ക്യാപ്റ്റനെന്ന നിലയില്‍ എന്റെ മറുപടി.

സ്വാഭാവികമായി കളിക്കാനും കുംബ്ലെക്കൊപ്പം പന്തെറിഞ്ഞ ശ്രീനാഥിനെതിരെ ആക്രമിച്ചു കളിക്കാനും ഞാന്‍ വഖാറിനോട് പറഞ്ഞു. ക്യാപ്റ്റന്‍ കൂടിയായ ഞാനൊരിക്കലും കുംബ്ലെയുടെ പന്തില്‍ പുറത്താവില്ലെന്നും വഖാറിനോട് പറഞ്ഞു. എന്നാല്‍ ശ്രീനാഥിന്റെ ഓവറിന് ശേഷം പന്തെറിയാനെത്തിയ കുംബ്ലെയുടെ ആദ്യ പന്തില്‍ ഇന്‍സൈഡ് എഡ്ജില്‍ ഷോര്‍ട്ട് ലെഗ്ഗില്‍ ക്യാച്ച് നല്‍കി ഞാന്‍ പുറത്തായി. അങ്ങനെ  ജിം ലേക്കര്‍ക്ക് ശേഷം ടെസ്റ്റില്‍ പത്തില്‍ പത്ത് വിക്കറ്റെടുക്കുന്ന രണ്ടാമത്തെ മാത്രം ബൗളറായി കുംബ്ലെ. കുംബ്ലെക്കും ഇന്ത്യക്കും അത് ചരിത്രനിമിഷമായിരുന്നു-അക്രം പറഞ്ഞു.

ഇന്ത്യക്കെതിരായ പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാന്‍ ജയിച്ച് 1-0ന് മുന്നിലായിരുന്നു. രണ്ടാം ടെസ്റ്റില്‍ 420 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് വേണ്ടി അഫ്രീദിയും സയ്യിദ് അന്‍വറും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി മികച്ച തുടക്കം നല്‍കി. എന്നാല്‍ അഫ്രീദിയെ പുറത്താക്കി കുംബ്ലെ പാക് തകര്‍ച്ചക്ക് തുടക്കമിട്ടു. അഫ്രീദിക്ക് പിന്നാലെ കുംബ്ലെയുടെ പന്തില്‍ ഇജാസ് അഹമ്മദ് ഗോള്‍ഡന്‍ ഡക്കായി. പിന്നാലെ ഇന്‍സമാമിനെയും വീഴ്ത്തി കുംബ്ലെ പാക് തകര്‍ച്ച വേഗത്തിലാക്കി.

Also Read:കോലി ക്രുദ്ധനാവും സച്ചിന്‍ അങ്ങനെ ആയിരിക്കില്ല; ഇരുവരേയും കുറിച്ച് സംസാരിച്ച് അക്രം

198/9 എന്ന സ്കോറിലേക്ക് പാക്കിസ്ഥാന്‍ കൂപ്പുകുത്തി. ഈ സമയമാണ് അക്രത്തിനൊപ്പം ബാറ്റ് ചെയ്യാനായി വഖാര്‍ ക്രീസിലെത്തിയത്. അക്രത്തെയും വീഴ്ത്തി 207 റണ്‍സിന് പാക്കിസ്ഥാനെ പുറത്താക്കിയ കുംബ്ലെ പരമ്പരയില്‍ ഇന്ത്യയെ ഒപ്പമെത്തിക്കുകയും ചെയ്തു. 66 പന്ച് നേരിട്ട അക്രം 37 റണ്‍സെടുത്തു. ആദ്യം ഇന്നിംഗ്സില്‍ നാലു വിക്കറ്റ് വീഴ്ത്തിയ കുംബ്ലെ മത്സരത്തിലാകെ 14 വിക്കറ്റുകള്‍ സ്വന്തമാക്കി.

വഖാറിനെതിരെ മുമ്പും ഇതേ ആരോപണം അക്രം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ അക്രത്തിന്റെ ആരോപണം വഖാര്‍ നിഷേധിക്കുകയായിരുന്നു. പ്രായം കൂടിയപ്പോഴുള്ള അക്രത്തിന്റെ ജല്‍പനങ്ങളാണിതെന്നായിരുന്നു വഖാര്‍ ഇതിന് അന്ന് നല്‍കിയ മറുപടി.