മുംബൈ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാകാന്‍ വസീം ജാഫര്‍ നേരത്തെ അപേക്ഷിച്ചിരുന്നെങ്കിലും ഇന്ത്യന്‍ മുന്‍ ഓപ്പണറെ അതിനായി തെര‍ഞ്ഞെടുത്തിരുന്നില്ല

ഭുവനേശ്വര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ ആഭ്യന്തര ഇതിഹാസം എന്ന വിശേഷണമുള്ള മുന്‍ ഓപ്പണര്‍ വസീം ജാഫര്‍ ഇനി ഒഡിഷ ടീമിനെ പരിശീലിപ്പിക്കും. രണ്ട് വര്‍ഷത്തേക്കാണ് മുഖ്യ പരിശീലകനായി ജാഫറിന്‍റെ കരാറെന്നും അടുത്ത ആഭ്യന്തര സീസണോടെ ജാഫര്‍ ടീമിനൊപ്പം ദൗത്യം ആരംഭിക്കുമെന്നും ഒഡിഷ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ സുബ്രതാ ബെഹ്‌റ വാര്‍ത്താ ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു. 

നേരത്തെ മുംബൈ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാകാന്‍ വസീം ജാഫര്‍ അപേക്ഷിച്ചിരുന്നെങ്കിലും ഇന്ത്യന്‍ മുന്‍ ഓപ്പണറെ ഇതിനായി തെര‍ഞ്ഞെടുത്തിരുന്നില്ല. ഇതിന് മുമ്പ് ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്‍റെ പരിശീലകമായിരുന്നു. 

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ ഇന്ത്യക്കായി 31 ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും വസീം ജാഫര്‍ കളിച്ചു. ടെസ്റ്റില്‍ 1,944 ഉം ഏകദിനത്തില്‍ 10 ഉം റണ്‍സാണ് സമ്പാദ്യം. എന്നാല്‍ റണ്‍മെഷീനായി താരം ആഭ്യന്തര ക്രിക്കറ്റില്‍ പേരെടുത്തു. രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായി. കരിയറിലെ ഏറിയ കാലവും മുംബൈക്കായി കളിച്ച താരം പിന്നീട് വിദര്‍ഭക്കായി പാഡുകെട്ടി. രഞ്ജിയില്‍ 150 മത്സരങ്ങള്‍ കളിച്ച ആദ്യ താരമെന്ന നേട്ടവും സ്വന്തമാണ്. 

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1996-97 സീസണില്‍ അരങ്ങേറിയ ജാഫര്‍ 260 മത്സരങ്ങളില്‍ നിന്ന് 19,410 റണ്‍സ് സ്വന്തമാക്കി. 57 സെഞ്ചുറികളും 91 അര്‍ധ സെഞ്ചുറികളും ഇതിലുണ്ട്. 314 ആണ് ഉയര്‍ന്ന സ്‌കോര്‍. ലിസ്റ്റ് എ കരിയറില്‍ 4849 റണ്‍സ് നേടി.

കൊവിഡ് ഇടവേളയ്‌ക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റ് തിരിച്ചെത്തുന്ന വിവരം ബിസിസിഐ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. സെപ്റ്റംബർ 21ന് തുടങ്ങുന്ന വനിതാ ഏകദിന ലീഗോടെയാണ് കൊവിഡ് പ്രതിസന്ധിക്ക് ശേഷം ആഭ്യന്തര മത്സരങ്ങൾ തിരിച്ചെത്തുക. സയ്ദ് മുഷ്താഖ് അലി ട്വന്‍റി 20 ടൂർണമെന്‍റ് ഒക്‌ടോബർ 20 മുതൽ നവംബർ 12 വരേയും രഞ്ജി ട്രോഫി നവംബ‍ർ 16 മുതൽ ഫെബ്രുവരി 19 വരെയും വിജയ് ഹസാരേ ട്രോഫി ഏകദിന ടൂർണമെന്‍റ് ഫെബ്രുവരി 23 മുതൽ മാർച്ച് 26 വരേയും നടക്കും. 

ഇംഗ്ലണ്ട് പര്യടനം: രണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊവിഡ്- റിപ്പോര്‍ട്ട്

ഒളിംപിക്‌സ് മെഗാ ക്വിസ്: ആദ്യ വിജയികള്‍ ഇവര്‍; രണ്ടാം ദിവസത്തെ ചോദ്യങ്ങള്‍ അറിയാം

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona