ഗില്ലിനെ വൈസ് ക്യാപ്റ്റനായി ടി20 ടീമിലെടുത്ത നിമിഷം തന്നെ പ്ലേയിംഗ് ഇലവനിലെ സഞ്ജുവിന്‍റെ സ്ഥാനം പ്രതിസന്ധിയിലായതാണെന്ന് അശ്വിന്‍.

ചെന്നൈ: ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച റെക്കോര്‍ഡുണ്ടായിട്ടും മലയാളി താരം സഞ്ജു സാംസണെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പുറത്തിരുത്തിയതിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി ടീമിലെടുത്ത നിമിഷം തന്നെ സഞ്ജുവിന്‍റെ പ്ലേയിംഗ് ഇലവനിലെ സ്ഥാനത്തില്‍ ഒരു തീരുമാനമായെന്ന് അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു.

സഞ്ജുവിനെ ആദ്യ മത്സരത്തില്‍ കളിപ്പിക്കാത്തതിനെക്കുറിച്ച് പുറത്ത് ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എപ്പോഴത്തെയുംപോലെ എന്തുകൊണ്ട് സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കി എന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ മുഴുവന്‍. എന്നാല്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി ടി20 ടീമിലെടുത്ത നിമിഷം തന്നെ പ്ലേയിംഗ് ഇലവനിലെ സഞ്ജുവിന്‍റെ സ്ഥാനം പ്രതിസന്ധിയിലായതാണ്. സഞ്ജുവിന് മതിയായ അവസരങ്ങള്‍ കിട്ടിയോ എന്നതും ചര്‍ച്ച ചെയ്യേണ്ടതാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഗില്ലിനെ ടീമിലെടുത്തത് കൊണ്ടുമാത്രമല്ല, വൈസ് ക്യാപ്റ്റനാക്കുക കൂടി ചെയ്തതാണ് പ്ലേയിംഗ് ഇലവനിലെ സഞ്ജുവിന്‍റെ സ്ഥാനത്തിന് ഭീഷണിയായത്.

സഞ്ജുവിന് പകരം ഓപ്പണറായി ഇറങ്ങുന്ന ശുഭ്മാന്‍ ഗില്ലിന് ഇതുവരെ തിളങ്ങാനുമായിട്ടില്ല. പക്ഷെ വൈസ് ക്യാപ്റ്റൻ സ്ഥാനമുള്ളതിനാല്‍ പ്ലേയിംഗ് ഇലവനില്‍ ഗില്ലിന്‍റെ സ്ഥാനത്തിന് തല്‍ക്കാലത്തേക്കെങ്കിലും ഭീഷണിയില്ല. പക്ഷെ അപ്പോഴും ഓപ്പണറെന്ന നിലയില്‍ ഗില്ലിന്‍റെ പ്രകടനം സൂഷ്മമായി വിലയിരുത്തപ്പെടുന്നുണ്ട്. അതിന് കാരണം, സഞ്ജുവിനെപ്പോലെ മികവ് തെളിയിച്ചൊരു താരം പുറത്തിരിക്കുന്നു എന്നതുകൊണ്ടാണ്.

ഗില്‍ വന്നശേഷം സഞ്ജുവിനെ ഇപ്പോള്‍ ടീമിലേക്ക് പരിഗണിക്കുന്ന റോളിന് ശരിക്കും അവന്‍ അനുയോജ്യമല്ല. കാരണം, ബാറ്റിംഗ് ഓര്‍ഡറിലെ അഞ്ചാം നമ്പര്‍ സ്ഥാനം സഞ്ജുവിന്‍റെ ബാറ്റിംഗ് ശൈലിയോട് യോജിക്കുന്നത് അല്ല. ജിതേഷ് ശര്‍മയെപ്പോലൊരു ഫിനിഷര്‍ അല്ല സഞ്ജു. അതുകൊണ്ട് തന്നെ സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നുവെങ്കില്‍ അത് ഓപ്പണറായോ അല്ലെങ്കില്‍ മൂന്നാം നമ്പറിലോ ആയിരിക്കണം. സ്പിന്നിനെതിരെ കളിക്കാന്‍ സഞ്ജുവിന് അവസരം നല്‍കുകയാണ് വേണ്ടതെന്നും അശ്വിന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക