ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ ടോപ് ഫോർ ബാറ്റിംഗ് നിരയെക്കുറിച്ച് വസീം ജാഫർ വ്യക്തമാക്കി. കെ എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ എന്നിവരെയാണ് ജാഫർ നിർദ്ദേശിച്ചത്.
മുംബൈ: സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ഇല്ലാതൊണ് ഇന്ത്യ, ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്നത്. ഇരുവരും ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാന്‍ തീരുമാനിച്ചിരുന്നു. ഇരുവരുടേയും അഭാവത്തില്‍ ആരൊക്കെ ഇന്ത്യന്‍ ടീമിലെത്തുമെന്നത് കാത്തിരുന്നത് കാണേണ്ടത് തന്നെയാണ്. പുതിയ ക്യാപ്റ്റനേയും ബിസിസിഐക്ക് പ്രഖ്യാപിക്കേണ്ടതുണ്ട്. ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിങ്ങനെ നിരവധി പേരുകള്‍ സെലക്ഷന്‍ കമ്മിറ്റിയുടെ മുന്നിലുണ്ട്.
ഇതിനിടെ ഇന്ത്യയുടെ ടോപ് ഫോര്‍ ബാറ്റര്‍മാരെ തെരഞ്ഞെടുത്തിരിക്കുകാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കെ എല്‍ രാഹുലും യശസ്വി ജയ്സ്വാളും ഓപ്പണര്‍മാരായി ഇറങ്ങുമെന്ന് ജാഫര്‍ പറഞ്ഞു. പെര്‍ത്ത് ടെസ്റ്റില്‍ ഇരുവരും മികച്ച പ്രകടനം കാഴ്ചവച്ചകാര്യം അദ്ദേഹം ചൂണ്ടികാട്ടി. പ്രത്യേകിച്ച് രണ്ടാം ഇന്നിംഗ്സില്‍. ഇന്ത്യയുടെ വിജയം ഉറപ്പാക്കുന്നതില്‍ അവരുടെ പങ്കാളിത്തം നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
ജാഫറിന്റെ വാക്കുകള്‍... ''ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ ഓപ്പണര്‍മാരായ രാഹുലും ജയ്സ്വാളും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. രാഹുല്‍ ഓപ്പണറായി തുടരണമെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹത്തെ മാറ്റേണ്ട കാര്യമില്ല. മൂന്നാം സ്ഥാനത്ത് സായ് സുദര്‍ശന്‍ കളിക്കണം. മൂന്നാം സ്ഥാനത്ത് അദ്ദേഹത്തിന് കൂടുതല്‍ മത്സരങ്ങളും നല്‍കണം. ഇംഗ്ലീഷ് കൗണ്ടിയില്‍ കളിച്ച പരിചയവുമുണ്ട്. മാത്രമല്ല, ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചു. നാലാം സ്ഥാനത്തേക്ക് യോഗ്യന്‍ ശുഭ്മാന്‍ ഗില്‍ തന്നെയാണ്. വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം ഓപ്പണറാണ്, പക്ഷേ ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹം നാലിലേക്ക് മാറേണ്ടതുണ്ട്. കോലിയുടെ സ്ഥാനത്ത് ഗില്‍ കളിക്കട്ടെ.'' ജാഫര്‍ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയ്ക്കായി മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യുന്ന ഗില്‍ 30 ഇന്നിംഗ്സുകളില്‍ നിന്ന് 1019 റണ്‍സ് നേടിയിട്ടുണ്ട്. ജൂണ്‍ 20ന് ഹെഡിംഗ്ലിയില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തോടെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നത്.
അതേസമയം, മലയാളി താരം കരുണ്‍ നായരേയും ടീമിലേക്ക് പരിഗണിച്ചേക്കും. ഇന്ത്യ എ, ഇംഗ്ലണ്ട് സന്ദര്‍ശിക്കുന്നുണ്ട്. ആ പര്യടനത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും കരുണ്‍ ടീമില്‍ വേണമോ, വേണ്ടയോ എന്നുള്ള കാര്യം തീരുമാനിക്കുക. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ടീമിലുണ്ടായിരുന്ന സര്‍ഫറാസ് ഖാനെ ടീമിലേക്ക് പരിഗണിക്കില്ല. വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തിനെയും ധ്രുവ് ജുറെലിനെയും നിലനിര്‍ത്താനാണ് സാധ്യത. ഇരുവരും ഐപിഎല്ലില്‍ നിരാശപ്പെടുത്തിയെങ്കിലും കെ എല്‍ രാഹുലിനെയും വിക്കറ്റ് കീപ്പറായി പരിഗണിക്കാമെന്നതിനാല്‍ മറ്റ് സാധ്യതകള്‍ സെലക്ടര്‍മാര്‍ തേടാനിടയില്ല.



