നമ്മൾ കഴിഞ്ഞ ടി20 ലോകകപ്പ് ജയിച്ചപ്പോൾ അക്ഷർ പട്ടേലായിരുന്നു വൈസ് ക്യാപ്റ്റൻ. അദ്ദേഹം വൈസ് ക്യാപ്റ്റനായിരുന്നെങ്കിൽ ഇപ്പോൾ എവിടെപ്പോയി?.
മുംബൈ: അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഇന്ത്യയ്ക്ക് ടി20 ലോകകപ്പും ഏഷ്യാ കപ്പും നേടിക്കൊടുത്ത സൂര്യകുമാർ യാദവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാൻ ഒരുങ്ങുന്നു എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു വസീം ജാഫര്‍. സൂര്യകുമാറിന് പകരം ശ്രേയസ് അയ്യർ പുതിയ ടി20 ക്യാപ്റ്റനാകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇന്ത്യൻ ടീമിലെ ക്യാപ്റ്റൻസി തീരുമാനങ്ങളിലെ വ്യക്തതയില്ലായ്മയെ വസീം ജാഫർ ശക്തമായി ചോദ്യം ചെയ്തു. ഇന്ത്യ ഈ വര്‍ഷം ടി20 ലോകകപ്പ് കിരീടം നേടിയപ്പോൾ ഓൾ റൗണ്ടർ അക്ഷർ പട്ടേലായിരുന്നു ടീമിന്‍റെ വൈസ് ക്യാപ്റ്റൻ. എന്നാൽ ക്യാപ്റ്റൻ സൂര്യകുമാറിനെ മാറ്റാൻ ആലോചിക്കുമ്പോൾ വൈസ് ക്യാപ്റ്റനെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് തന്‍റെ യൂട്യൂബ് ചാനലിൽ ജാഫർ ചോദിച്ചു.
നമ്മൾ കഴിഞ്ഞ ടി20 ലോകകപ്പ് ജയിച്ചപ്പോൾ അക്ഷർ പട്ടേലായിരുന്നു വൈസ് ക്യാപ്റ്റൻ. അദ്ദേഹം വൈസ് ക്യാപ്റ്റനായിരുന്നെങ്കിൽ ഇപ്പോൾ എവിടെപ്പോയി?. ടീമിൽ വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകുന്ന ആൾ ഒരിക്കലും ക്യാപ്റ്റനാവില്ലെന്നും, മറ്റാരെങ്കിലും വന്ന് ആ സ്ഥാനം തട്ടിയെടുക്കുമെന്നുമാണ് ഇതിൽ നിന്ന് മനസിലാകുന്നത്. വെറുതെ ഒരു പേരിന് വേണ്ടിയാണോ അക്ഷറിനെ അന്ന് വൈസ് ക്യാപ്റ്റനാക്കിയതെന്നും ജാഫര്‍ ചോദിച്ചു. സൂര്യകുമാർ യാദവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കം തന്നെ ഞെട്ടിച്ചുവെന്ന് ജാഫർ കൂട്ടിച്ചേർത്തു. ബാറ്റിംഗിലെ മോശം ഫോം ആണ് സൂര്യകുമാറിന് തിരിച്ചടിയായതെങ്കിലും ലോകകപ്പ് നേടിയ ഉടനെ ഒരു ക്യാപ്റ്റനെ മാറ്റുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത് അത്ഭുതപ്പെടുത്തുന്ന വാർത്തയാണ്. കാരണം സൂര്യകുമാർ യാദവ് ഇന്ത്യയ്ക്ക് ടി20 ലോകകപ്പും ഏഷ്യാ കപ്പും നേടിക്കൊടുത്ത ക്യാപ്റ്റനാണ്. രണ്ട് വലിയ ടൂർണമെന്‍റുകൾ ജയിച്ചയുടനെ ഒരു ക്യാപ്റ്റനെ മാറ്റുന്നത് ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും. അതെ, അദ്ദേഹത്തിന്റെ ബാറ്റിംഗ് ഫോം മോശമാണ് എന്നത് ശരിയാണ്. എന്നാൽ ലോകകപ്പ് വിജയത്തിന് തൊട്ടുപിന്നാലെയുള്ള പരമ്പരയിൽ അദ്ദേഹത്തെ മാറ്റുന്നത് വലിയ ഞെട്ടലുണ്ടാക്കുന്നു."
പുതിയ ക്യാപ്റ്റനായി പരിഗണിക്കുന്ന ശ്രേയസ് അയ്യർ മികച്ചൊരു ചോയ്‌സ് ആണെന്ന് സമ്മതിക്കുമ്പോഴും, റോയൽ ചലഞ്ഞേഴ്സ് ബെംഗളൂരു നായകൻ രജത് പാട്ടിദാറിന്‍റെ പേരും ചർച്ചകളിൽ വരണമെന്ന് ജാഫർ ആവശ്യപ്പെട്ടു. ഐപിഎല്ലിൽ മുൻപ് നായക പരിചയമില്ലാതിരുന്നിട്ടും ആർസിബിയെ തുടർച്ചയായി രണ്ട് കിരീടങ്ങളിലേക്ക് നയിച്ച പാട്ടിദാറിന്‍റെ മികവ് തള്ളിക്കളയാനാവില്ലെന്ന് ജാഫര്‍ ഓർമ്മിപ്പിച്ചു. ശ്രേയസ് അയ്യർ മികച്ചൊരു ഓപ്ഷനാണ്. ഭാവി നായകനായി നമ്മൾ എപ്പോഴും കണ്ടിരുന്ന താരമാണദ്ദേഹം. ഐപിഎല്ലിലും മികച്ച രീതിയിൽ ടീമിനെ നയിച്ചിട്ടുണ്ട്. എന്നാൽ ഈ പട്ടികയിൽ രജത് പാട്ടിദാറിന്‍റെ പേരും ഉണ്ടാകണമായിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി ആർസിബിയെ അദ്ദേഹം നയിച്ച രീതി അസാധ്യമാണ്. മുൻപ് ക്യാപ്റ്റൻസി പരിചയമില്ലാതിരുന്നിട്ടും ആർസിബി പോലൊരു വലിയ ഫ്രാഞ്ചൈസിയെ നയിച്ച് ബാക്ക്-ടു-ബാക്ക് കിരീടങ്ങൾ നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ബാറ്റിംഗിലും മികച്ച ഫോമിലാണ്. ഐപിഎൽ പ്രകടനം ടീം സെലക്ഷന്‍റെ പ്രധാന മാനണ്ഡമാണെന്നിരിക്കെ പാട്ടിദാർ ഈ സ്ഥാനത്തിന് അർഹനാണെന്നും ജാഫര്‍ വ്യക്തമാക്കി.
