അവൻ ടെസ്റ്റ് ക്രിക്കറ്റ് കളിക്കണം എന്ന് തന്നെയാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. ക്രിക്കറ്റിന്‍റെ നിലനിൽപ്പിനും നല്ലതിനും വേണ്ടി ചിന്തിക്കുകയാണെങ്കിൽ അവൻ ടെസറ്റിലും കളിക്കണം.

ചെന്നൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി റൺവേട്ട നടത്തി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശി ടെസ്റ്റ് ക്രിക്കറ്റിലും കളിക്കണമെന്ന നിര്‍ദേശിച്ച് മുൻ ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ. ക്രിക്കറ്റിന്‍റെ വലിയ നന്മയ്ക്ക് വേണ്ടി വൈഭവ് റെഡ് ബോൾ ക്രിക്കറ്റിലേക്ക് വരണമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് അശ്വിൻ പറഞ്ഞു. ക്രിക് ഇൻഫോയുടെ 2026-ലെ അവാർഡ്ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അശ്വിന്‍.

അവൻ ടെസ്റ്റ് ക്രിക്കറ്റ് കളിക്കണം എന്ന് തന്നെയാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. ക്രിക്കറ്റിന്‍റെ നിലനിൽപ്പിനും നല്ലതിനും വേണ്ടി ചിന്തിക്കുകയാണെങ്കിൽ അവൻ ടെസറ്റിലും കളിക്കണം. എന്നാൽ കുട്ടികൾക്ക് പഠിക്കാൻ താല്പര്യമില്ലാത്ത ഒന്നിനെ നമുക്ക് അവരെ നിർബന്ധിച്ച് പഠിപ്പിക്കാൻ സാധിക്കുമോ? ഒരിക്കലുമില്ല. ഇന്നത്തെ ക്രിക്കറ്റ് സാഹചര്യം കാര്യങ്ങളെ മറ്റൊരു രീതിയിലാണ് കൊണ്ടുപോകുന്നത്. ചിലപ്പോൾ കളി തന്നെ നമ്മളോട് എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞുതരും, അത് പിന്തുടരുന്നതാണ് നല്ലത്.

യുവതലമുറയ്ക്ക് ടെസ്റ്റ് ക്രിക്കറ്റിനോടുള്ള താൽപര്യക്കുറവിനെക്കുറിച്ചും അശ്വിൻ ആശങ്ക പ്രകടിപ്പിച്ചു: ക്രിക്കറ്റിന്‍റെ ഒരു പ്രത്യേക ഫോർമാറ്റും ആരുടെയും മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ല. ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണ് ഏറ്റവും മികച്ച ഫോര്‍മാറ്റ്. എന്നാൽ ഞാൻ അടിസ്ഥാനതലത്തില്‍ കോച്ചിംഗുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണ്. ഇന്നത്തെ യുവ ക്രിക്കറ്റർമാർ ആരും തന്നെ റെഡ് ബോൾ ക്രിക്കറ്റ് കളിക്കണമെന്ന ആഗ്രഹത്തോടെയല്ല വരുന്നത്. രണ്ട് പന്തുകൾ ഡിഫൻഡ് ചെയ്താൽ ഉടൻ തന്നെ പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാനുള്ള വലിയ ഷോട്ടുകൾ പഠിക്കാനാണ് അവർക്ക് താൽപര്യം.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്‍റെ ഓപ്പണറായിരുന്ന വൈഭവ് സൂര്യവംശി വിസ്മയകരമായ പ്രകടനമാണ് പുറത്തെടുത്തത്. ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ 'ഓറഞ്ച് ക്യാപ്' വിജയിയായി 15കാരനായ വൈഭവ് മാറിയിരുന്നു. 16 മത്സരങ്ങളിൽ നിന്ന് 237.30 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിൽ 776 റൺസാണ് സൂര്യവംശി അടിച്ചുകൂട്ടിയത്. ഇതിൽ ഒരു സെഞ്ച്വറിയും 5 അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നു. ക്രിസ് ഗെയ്‌ലിന്‍റെ റെക്കോർഡ് തകർത്ത് സീസണിൽ 72 സിക്സറുകളാണ് ഇടങ്കയ്യൻ ബാറ്റർ പറത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക