അഹമ്മദാബാദ്: ട്വിറ്ററില്‍ സജീവമാണ് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. പലപ്പോഴും പരിഹാസ ട്വീറ്റുകള്‍ ചെയ്യാറുള്ള വോണ്‍ ആരാധകരില്‍ നിന്ന് തിരിച്ചുമേടിക്കാറുമുണ്ട്. ഇന്നലെ മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറും കണക്കിന് കൊടുത്തു. ഇന്നലെ ആദ്യ ടി20യില്‍ ഇന്ത്യയുടെ തോല്‍വിക്ക് ശേഷമാണ് വോണ്‍ ടീമിനെ പരിഹസിച്ചത്. 

വോണിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു... ''ഇന്ത്യന്‍ ടീമിനേക്കാള്‍ മികച്ചത് മുംബൈ ഇന്ത്യന്‍സാണ്.'' ഇതിന് മറുപടിയായി ജാഫറെത്തി. ''എല്ലാ ടീമുകള്‍ക്കും നാല് വിദേശ താരങ്ങളെ കളിപ്പിക്കാനുള്ള ഭാഗ്യമുണ്ടാവില്ല.'' എന്നാണ്  ജാഫര്‍ നല്‍കിയ മറുപടി. ഇംഗ്ലീഷ് ടീമില്‍ കളിക്കുന്ന മറ്റുരാജ്യങ്ങളിലെ താരങ്ങളെ ഉദ്ദേശിച്ചാണ് ജാഫര്‍ മറുപടി നല്‍കിയത്. 

ജേസണ്‍ റോയ് (സൗത്ത് ആഫ്രിക്ക), ബെന്‍ സ്റ്റോക്ക്സ് (ന്യൂസിലാന്‍ഡ്), ജോഫ്ര ആര്‍ച്ചര്‍, ക്രിസ് ജോര്‍ദാന്‍ (ബാര്‍ബഡോസ്) എന്നിവരാണ് ഇംഗ്ലണ്ട് ടീമിലെ മറ്റ് രാജ്യക്കാര്‍.  

എന്തായാലും വോണ്‍ വെറുതെയിരുന്നില്ല. ജാഫറിന് വീണ്ടും മറുപടിയെത്തി. ഇത്തവണ 2002ലെ ലോര്‍ഡ്സ് ടെസ്റ്റില്‍ ജാഫറിനെ പുറത്താക്കിയ കാര്യം  വോണ്‍ എടുത്തുപറയുകയായിരുന്നു. ''ലോര്‍ഡ്സില്‍ ഞാന്‍ നിങ്ങളെ പുറത്താക്കിയതിന്റെ ഷോക്കില്‍ നിന്ന് ഇതുവരെ മോചിതനായില്ലേ?' എന്നായിരുന്നു വോണിന്റെ ചോദ്യം.