ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഗാബ ടെസ്റ്റില്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര ബാറ്റ് ചെയ്തത് ഓസ്ട്രേലിയക്കാരെപ്പോലെയായിരുന്നുവെന്ന ഓസീസ് ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിന്‍റെ പ്രശംസക്കാണ് ജാഫര്‍ ഇത്തവണ മറുപടിയുമായി എത്തിയിരിക്കുന്നത്.

മുംബൈ: കുറിക്ക് കൊള്ളുന്ന മറുപടികള്‍ കൊണ്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമാകാറുള്ള മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണാണ് ജാഫറിന്‍റെ സ്ഥിരം ഇരയാകാറുള്ളതെങ്കില്‍ ഇത്തവണ അത് ഒരു ഓസ്ട്രേലിയന്‍ താരമാണെന്ന വ്യത്യാസം മാത്രമേയുള്ളു.

ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഗാബ ടെസ്റ്റില്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര ബാറ്റ് ചെയ്തത് ഓസ്ട്രേലിയക്കാരെപ്പോലെയായിരുന്നുവെന്ന ഓസീസ് ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിന്‍റെ പ്രശംസക്കാണ് ജാഫര്‍ ഇത്തവണ മറുപടിയുമായി എത്തിയിരിക്കുന്നത്.

ബ്രിസ്ബേനിലെ ഗാബയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ പരിക്ക് അവഗണിച്ചും ഓസീസിന്‍റെ ബൗണ്‍സര്‍ ആക്രമണങ്ങളെ പ്രതിരോധിച്ച പൂജാര 56 റണ്‍സെടുത്താണ് പുറത്തായത്. ഇന്ത്യയുടെ ഐതിഹാസിക ജയത്തില്‍ പൂജാരയുടെ ഇന്നിംഗ്സ് നിര്‍ണായകമായിരുന്നു. ബ്രിസ്ബേനിലെ പൂജാരയുടെ ബാറ്റിംഗ് പ്രകടനത്തെ പറ്റി പറഞ്ഞപ്പോഴാണ് ഹാരിസ് അദ്ദേഹം ഓസ്ട്രേലിയക്കാരെപ്പോലെയാണ് ബാറ്റ് ചെയ്തതെന്ന് പ്രശംസിച്ചത്.

ബ്രിസ്ബേന്‍ ടെസ്റ്റിന്‍റെ അവസാന ദിവസം അവിസ്മരണീയമായിരുന്നു. അവര്‍ ജയത്തിനായി ശ്രമിക്കുമോ സമനിലക്കായി ശ്രമിക്കുമോ എന്നായിരുന്നു ഞങ്ങളുടെ ചിന്ത. റിഷഭ് പന്ത് കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നാണ് കളിച്ചത്. മറുവശത്ത് പൂജാരയാകട്ടെ എല്ലാ ബൗണ്‍സറുകളെയും ശരീരത്തില്‍ ഏറ്റും വാങ്ങി പ്രതിരോധിച്ചു. അദ്ദേഹം ശരിക്കുമൊരു ഓസ്ട്രേലിയക്കാരനെ പോലെയാണ് ബാറ്റ് ചെയ്തത് എന്നാണ് എനിക്ക് തോന്നിയത്. ഇന്ത്യന്‍ ടീം ഒന്നടങ്കം അദ്ദേഹത്തിന് ചുറ്റും ബാറ്റ് ചെയ്തു- യുട്യൂബ് ചാനലില്‍ ഹാരിസ് പറഞ്ഞു.

എന്നാല്‍ പൂജാര ഓസ്ട്രേലിയക്കാരെപ്പോലെയാണ് ബാറ്റ് ചെയ്തതെങ്കില്‍ എന്തുകൊണ്ട് ഓസ്ട്രേലിയക്കാര്‍ ഓസ്ട്രേലിയക്കാരെ പോലെ ബാറ്റ് ചെയ്തില്ലെന്നായിരുന്നു ഹാരിസിന്‍റെ പ്രസ്താവനക്ക് ജാഫര്‍ നല്‍കിയ മറുപടി.

Scroll to load tweet…

ബ്രിസ്ബേനില്‍ അവസാന ദിവസം 327 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ റിഷഭ് പന്തിന്‍റെ(89*) ബാറ്റിംഗ് മികവില്‍ അവിശ്വസനീയ ജയം സ്വന്തമാക്കി. ഒപ്പം തുടര്‍ച്ചയായി രണ്ടാം തവണയും ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയും നേടി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona