ഒരു പന്തില്‍ പതിനെട്ട് റണ്‍സ് വിട്ടുകൊടുക്കുക അല്‍പം കടന്നകൈയാണ് എന്ന് പറയേണ്ടിവരും

ചെന്നൈ: ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാദേശിക ട്വന്‍റി 20 ലീഗാണ് തമിഴ്‌നാട് പ്രീമിയര്‍ ലീഗ്(ടിഎന്‍പിഎല്‍) എന്നുള്ളതാണ് പൊതുവെയുള്ള വിശേഷണം. ഐപിഎല്ലില്‍ തിളങ്ങുന്ന നിരവധി താരങ്ങള്‍ ടിഎന്‍പിഎല്ലിലൂടെ ശ്രദ്ധ നേടിയവരാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസും സേലം സ്‌പാര്‍ട്ടന്‍സും തമ്മില്‍ നടന്നൊരു മത്സരം വലിയൊരു നാണക്കേടും ചരിത്രവുമായി. ഒരു പന്തില്‍ 18 റണ്‍സാണ് ബൗളര്‍ വഴങ്ങിയത്. 

ഒരു ഓവറില്‍ 18 റണ്‍സ് വഴങ്ങുക ട്വന്‍റി 20 പോലെ ബാറ്റര്‍മാര്‍ വിളയാടുന്ന ഫോര്‍മാറ്റില്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഒരു പന്തില്‍ പതിനെട്ട് റണ്‍സ് വിട്ടുകൊടുക്കുക അല്‍പം കടന്നകൈയാണ് എന്ന് പറയേണ്ടിവരും. ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിന് എതിരായ കളിയില്‍ സേലം സ്‌പാര്‍ട്ടന്‍സ് നായകന്‍ അഭിഷേക് തന്‍വറാണ് 18 റണ്‍സ് ഒരു പന്തില്‍ വഴങ്ങി നാണംകെട്ടത്. ഇന്നിംഗ്‌സിലെ 20-ാം ഓവറിലെ അവസാന പന്ത് തന്‍വാര്‍ എറിഞ്ഞപ്പോള്‍ ബാറ്റര്‍ ബൗള്‍ഡായി. എന്നാല്‍ അംപയര്‍ നോബോള്‍ വിളിച്ചു. വീണ്ടുമെറിഞ്ഞ പന്തില്‍ സിക്‌സിന് പറന്നപ്പോള്‍ അതും നോബോളായി. ഇതോടെ വീണ്ടും എറിഞ്ഞ പന്തും നോബോളായപ്പോള്‍ ബാറ്റര്‍മാര്‍ രണ്ട് റണ്‍ ഓടിയെടുത്തു. പിന്നാലെ എറിഞ്ഞ പന്ത് വൈഡിലും അവസാനിച്ചതോടെ തോടെ ആകെ 12 റണ്‍സായി. അവസാന ഏറ് കൃത്യമായി വന്നെങ്കിലും ബാറ്റര്‍ സിക്‌സര്‍ നേടിയതോടെ 18 റണ്‍സ് നിയമവിധേയമായ ഒരൊറ്റ ബോളില്‍ രേഖപ്പെടുത്തപ്പെടുകയായിരുന്നു. 

എന്നാല്‍ തനിക്ക് പറ്റിയത് വലിയ പിഴവാണ് എന്ന് സേലം സ്‌പാര്‍ട്ടന്‍സ് നായകന്‍ അഭിഷേക് തന്‍വറാര്‍ തുറന്നു സമ്മതിച്ചു. 'എല്ലാറ്റിന്‍റേയും ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. സീനിയര്‍ ബൗളറായ ഞാന്‍ നാല് നോബോളുകള്‍ എറിഞ്ഞത് അംഗീകരിക്കാനാവില്ല. മത്സരത്തില്‍ ഏറെ സ്വാധീനം ചൊലുത്തിയ കാറ്റ് അനുകൂലമായിരുന്നില്ല' എന്നും തന്‍വാര്‍ മത്സര ശേഷം പറഞ്ഞു. മത്സരത്തില്‍ സേലം സ്‌പാര്‍ട്ടന്‍സ് 52 റണ്‍സിന്‍റെ തോല്‍വി നേരിട്ടു. ആദ്യം ബാറ്റ് ചെയ്‌ത ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ് 20 ഓവറില്‍ 217/5 എന്ന സ്കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ സ്‌പാര്‍ട്ടന്‍സിന് നിശ്ചിത ഓവറില്‍ 165/9 റണ്ണേ നേടാനായുള്ളൂ. 

Scroll to load tweet…

Read more: ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; തിരിച്ചുവരവിന് കെ എല്‍ രാഹുല്‍; ലക്ഷ്യം ഏഷ്യാ കപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News