സിഡ്നി: അനിശ്ചിതത്വങ്ങളുട കളിയായ ക്രിക്കറ്റില്‍ അവസാന പന്ത് എറിഞ്ഞു തീരുംവരെ വിജയം ആരുടേതെന്ന് ആര്‍ക്കും ഉറപ്പിക്കാനാവില്ലെന്നതിന് ഒരു ഉദാഹരണംകൂടി.  ഓസ്ട്രേലിയയിലെ മാര്‍ഷ് കപ്പില്‍ ടാസ്മാനിയന്‍ ടീം ആണ് അവിശ്വസനീയ ബാറ്റിംഗ് തകര്‍ച്ച കൊണ്ട് വാര്‍ത്ത സൃഷ്ടിച്ചത്.

വിജയത്തിലേക്ക് 12 റണ്‍സ് മാത്രം വേണ്ടിയിരിക്കെ വിക്ടോറിയക്കെതിരെ അവസാന ആറു വിക്കറ്റുകളും നഷ്ടമാക്കിയാണ് ടാസ്മാനിയ ഒരു റണ്‍ തോല്‍വി വഴങ്ങിയത്. ഇതില്‍ അവസാന അഞ്ചു വിക്കറ്റും വീണത് മൂന്ന് റണ്‍സെടുക്കുന്നതിനിടെയായിരുന്നു. 66 പന്തില്‍ ജയത്തിലേക്ക് വെറും അഞ്ചു റണ്‍സ് മാത്രം വേണ്ടപ്പോഴായിരുന്നു ഈ തകര്‍ച്ച.

വിജയലക്ഷ്യമായ 187 റണ്‍സ് പിന്തുടര്‍ന്ന ടാസ്മാനിയ ഒരുഘട്ടത്തില്‍ 172/4 എന്ന സുരക്ഷിത നിലയിലായിരുന്നു. വിട്കോറിയക്കായി നാലു വിക്കറ്റ് വീതം എറിഞ്ഞിട്ട ക്രിസ് ട്രെമൈനും ജാക്സണ്‍ കോള്‍മാനും ആണ് ടാസ്മാനിയെ അവിശ്വസനീയ തോല്‍വിയിലേക്ക് തള്ളിയിട്ടത്.