പോര്‍ട്ട് ഓഫ് സ്‌പെയ്‌ന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത് ഭുവനേശ്വര്‍ കുമാറിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ്. ക്രിസ് ഗെയ്‌ല്‍, നിക്കോളാസ് പൂരാന്‍, റോസ്‌ടണ്‍ ചേസ്, കെമര്‍ റോച്ച് എന്നിവരെയാണ് ഭുവി പുറത്താക്കിയത്. ഇവരില്‍ ചേസിന്‍റെ വിക്കറ്റാണ് ഇരു ടീമിനും സാധ്യതകളുണ്ടായിരുന്ന മത്സരം പൂര്‍ണമായും ഇന്ത്യയുടെ വരുതിയിലാക്കിയത്. ഒരു വണ്ടര്‍ റിട്ടേണ്‍ ക്യാച്ചിലാണ് ചേസിനെ ഭുവി പുറത്താക്കിയത് എന്നതാണ് ശ്രദ്ധേയം. 

23 പന്തില്‍ 18 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്ന ചേസിനെ 35-ാം ഓവറിലെ അഞ്ചാം പന്തില്‍ ഭുവി പറഞ്ഞയച്ചു. ഗെയിം ചേഞ്ചറായ പൂരാന്‍റെയും ചേസിന്‍റെയും വിക്കറ്റുകളാണ് മത്സരത്തിന്‍റെ ഗതിമാറ്റിയതെന്ന് മത്സരശേഷം ഭുവനേശ്വര്‍ വ്യക്തമാക്കിയിരുന്നു. 42 റണ്‍സാണ് പൂരാന്‍ നേടിയത്. 

ആറാമനായി ചേസിന്‍റെ വിക്കറ്റ് വീണശേഷം 31 റണ്‍സ് കൂടി മാത്രമാണ് വിന്‍ഡീസിന് നേടാനായത്. ഇതോടെ വിന്‍ഡീസ് 42 ഓവറില്‍ 210 റണ്‍സില്‍ പുറത്തായി. മഴനിയമപ്രകാരം ഇന്ത്യ 59 റണ്‍സിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കോലിയുടെ സെഞ്ചുറി(120 റണ്‍സ്) കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 279 റണ്‍സ് നേടിയിരുന്നു. എന്നാല്‍ മഴ മത്സരം തടസപ്പെടുത്തിയതോടെ വിജയലക്ഷ്യം 46 ഓവറിൽ 270 റൺസായി പുതുക്കിനിശ്ചയിക്കുകയായിരുന്നു.