രണ്ട് വര്‍ഷം കാത്തിരുന്ന് കോലി പ്രതികാരം ചെയ്യുമ്പോള്‍ ഗാലറിയില്‍ ആരാധകര്‍ ചെയ്തത് കാണുക. ഇതാണ് ആഘോഷമെന്ന് ക്രിക്കറ്റ് ലോകം.
ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും മറക്കില്ല ആ ദൃശ്യം. വിന്‍ഡീസ് പേസര്‍ കെസ്രിക് വില്യംസിനെ സിക്‌സര്‍ പായിച്ച് കോലി നോട്ട്ബുക്ക് ആഘോഷം നടത്തിയത് അത്ര വൈകാരികമായിരുന്നു. രണ്ട് വര്‍ഷം കാത്തിരുന്നാണ് വിരാട് കോലി പ്രതികാരം ചെയ്തത് എന്നറിയുമ്പോള്‍ കിംഗിന്‍റെ ആരാധകര്‍ ആത് ആഘോഷമാക്കാതിരിക്കുമോ.
കോലിയുടെ നോട്ട്‌ബുക്ക് ആഘോഷം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് നേടിയത്. ഇതിനൊപ്പം വലിയ പ്രചാരം ലഭിച്ച മറ്റൊരു വൈറല്‍ വീഡിയോ കൂടിയുണ്ട്. വില്യംസിനെ സിക്‌സറിന് പായിച്ച് കോലി ഏഴുതിക്കാട്ടുമ്പോള്‍ ഗാലറിയില്‍ അത് അനുകരിക്കുകയായിരുന്നു ആരാധകര്‍. ഈ ദൃശ്യങ്ങളും കിംഗ് കോലി ഫാന്‍സ് വലിയ ആഘോഷമാക്കുകയാണ്.
അന്നും കണക്കിന് കിട്ടി വില്യംസിന്!
കോലിയുടെ കലിപ്പന്‍ മറുപടിക്ക് പിന്നില്‍ ഹൈദരാബാദിലെ സംഭവങ്ങള്‍ മാത്രമല്ല. 2017ല്‍ വിരാട് കോലിയുടെ വിക്കറ്റ് എടുത്ത ശേഷം നോട്ട്‌ബുക്ക് സ്റ്റൈല്‍ യാത്രയപ്പ് നല്‍കിയിരുന്നു വില്യംസ്. ജമൈക്കയില്‍ നടന്ന ടി20യില്‍ കോലി 29 റണ്‍സില്‍ പുറത്തായ ശേഷമായിരുന്നു വില്യംസിന്‍റെ സവിശേഷ ആഘോഷം. അതിനുള്ള മറുപടി കൂടിയാണ് ഹൈദരാബാദില്‍ കോലി നല്‍കിയത്. പലിശസഹിതം കോലി തിരിച്ചുകൊടുത്തു എന്നുപറയാം.
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ചാഡ്‌വിക് വാള്‍ട്ടണിനോട് കലിപ്പാക്കിയതിന് നോട്ട്‌ബുക്ക് ആഘോഷം ഇരന്നുവാങ്ങിയിട്ടുണ്ട് വില്യംസ്. ആ ദൃശ്യങ്ങളും വൈറലായിരുന്നു. അന്ന് തുടര്‍ച്ചയായി സിക്സുകള്‍ പറത്തി വാള്‍ട്ടണ്‍ നോട്ട്ബുക്കില്‍ കുറിച്ചു. വീണ്ടും ക്രിക്കറ്റ് ലോകത്ത് നോട്ട്ബുക്ക് ആഘോഷം പ്രത്യക്ഷപ്പെടുമ്പോള്‍ വില്യംസ് തന്നെയാണ് ഒരുവശത്ത്. പലിശസഹിതം തിരിച്ചുകിട്ടിയത് എന്തെന്നറിയാതെ താടിക്ക് കൈകൊടുത്ത് നില്‍ക്കുകയായിരുന്നു അന്നും ഇന്നലെയും വില്യംസ്.
