ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഏകദിന ലോകകപ്പ് ഇന്ത്യയില്‍ വച്ച് നടക്കുന്നത്
മുംബൈ: ഐസിസി പുരുഷ ഏകദിന ലോകകപ്പിന്‍റെ ആവേശം എവറസ്റ്റ് കൊടുമുടി കയറ്റി പ്രൊമോ വീഡിയോ. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനാണ് രണ്ട് മിനുറ്റ് ദൈര്‍ഘ്യമുള്ള പ്രൊമോ വീഡിയോയുടെ ഹൈലൈറ്റ്. ഷാരൂഖാണ് ലോകകപ്പ് വിശേഷങ്ങള്‍ വിവരിക്കുന്നത്. ക്രിക്കറ്റുമായി ഏറെ ബന്ധമുള്ള ബോളിവുഡ് താരമാണ് ഷാരൂഖ് ഖാന്‍. ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ സഹ ഉടമയാണ് ഷാരൂഖ്. ശുഭ്‌മാന്‍ ഗില്‍, ഓയിന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക്, ജോണ്ടി റോഡ്‌സ്, മുത്തയ്യ മുരളീധരന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ഷാരൂഖും പ്രത്യക്ഷപ്പെട്ടതോടെ പ്രൊമോ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരം ജെമീമ റോഡ്രിഗസാണ് വീഡിയോയിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഏകദിന ലോകകപ്പ് ഇന്ത്യയില്‍ വച്ച് നടക്കുന്നത്. 10 വേദികളിലായി 10 ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ടൂര്‍ണമെന്‍റിന്‍റെ ആവേശം ഇതിനകം രാജ്യത്ത് സജീവമാണ്. ലോകകപ്പിന്‍റെ ട്രോഫി പര്യടനം പുരോഗമിക്കുകയാണ്. 10 വര്‍ഷമായുള്ള ഐസിസി ട്രോഫി വരള്‍ച്ച പരിഹരിക്കാനാണ് ടീം ഇന്ത്യ സ്വന്തം മണ്ണില്‍ ഇറങ്ങുക.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് പുറമെ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം, ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയം, ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയം, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ലോകകപ്പിന് മുന്നോടിയായി എല്ലാ സ്റ്റേഡിയങ്ങളിലും അറ്റകുറ്റപണികള്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സന്നാഹമത്സരങ്ങള്‍ക്ക് വേദിയാവും.
Read more: ഏകദിന ലോകകപ്പ് ട്രോഫി ടൂറിലും താരം സഞ്ജു സാംസണ്‍; ചിത്രം വൈറല്‍
