ഒരു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെന്ന നിലയിൽ ലഞ്ചിനുശേഷം ക്രീസിലെത്തിയ ഇംഗ്ലണ്ടിന് 20 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും സാക് ക്രോളിയെ നഷ്ടമായി.
ഓവല്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡിനായി ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 224 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് ശേഷിക്കെ ഇന്ത്യൻ സ്കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് ഒമ്പത് റണ്‍സ് കൂടി വേണം. 33 റണ്‍സുമായി ഹാരി ബ്രൂക്ക് ക്രീസിലുണ്ട്. സാക് ക്രോളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ജേക്കബ് ബേഥൽ, ജാമി സ്മിത്ത്, ജാമി ഓവര്‍ടണ്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് ലഞ്ചിനുശേഷം നഷ്ടമായത്. നേരത്തെ ആദ്യ സെഷനില്‍ ബെന്‍ ഡക്കറ്റിന്‍റെ വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്നും പ്രസിദ്ധ് കൃഷ്ണ രണ്ടും വിക്കറ്റെടുത്തു.
എറിഞ്ഞുപിടിച്ച് സിറാജും പ്രസിദ്ധും
ഒരു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെന്ന നിലയിൽ ലഞ്ചിനുശേഷം ക്രീസിലെത്തിയ ഇംഗ്ലണ്ടിന് 20 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും സാക് ക്രോളിയെ നഷ്ടമായി. 57 പന്തില്‍ 64 റണ്‍സടിച്ച ക്രോളിയെ പ്രസിദ്ധ് കൃഷ്ണ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. പിന്നാലെ റൂട്ടും പോപ്പും ക്രീസിലുറച്ചതോടെ ഇന്ത്യ പ്രതിരോധത്തിലായി. എന്നാല്‍ 22 റണ്‍സെടുത്ത പോപ്പിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ സിറാജ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി.
റൂട്ടും ബ്രൂക്കും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 150 കടത്തി. ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിന് ലീഡ് സമ്മാനിക്കുമെന്ന് കരുതിയെങ്കിലും റൂട്ടിനെയും(29) വിക്കറ്റിന് മുന്നില്‍ കുടുക്കിയ സിറാജ് ഇന്ത്യയെ മത്സരത്തില്‍ തിരികകെയെത്തിച്ചു. പിന്നാലെ ജേക്കബ് ബേഥലിനെയും(6) സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ജാമി സ്മിത്തിനെയും(8) ചായക്ക് തൊട്ടു മുമ്പ് ജാമി ഓവര്‍ടണിനെയും(0) പുറത്താക്കിയ പ്രസിദ്ധ് ഇംഗ്ലണ്ടിനെയും തകര്‍ച്ചയിലാക്കി. 45 റണ്‍സെടുക്കുന്നതിനിടെയാണ് ഇംഗ്ലണ്ടിന് അവസാന നാലു വിക്കറ്റുകള്‍ നഷ്ടമായത്.
ബാസ്ബോള്‍ ആക്രമണം
നേരത്തെ രണ്ടാം ദിനം തുടക്കത്തിലെ ഇന്ത്യയെ പുറത്താക്കിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാര്‍ വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഇംഗ്ലണ്ട് പേസര്‍മാര്‍ മികച്ച പേസും സ്വിംഗും കണ്ടെത്തിയ ഓവലില്‍ ഇന്ത്യൻ ബൗളര്‍മാരെ കാഴ്ചക്കാരാക്കിയാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ബെൻ ഡക്കറ്റും സാക് ക്രോളിയും തുടങ്ങിയത്. മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ എട്ട് റണ്‍സടിച്ച് ഇംഗ്ലണ്ട് നയം വ്യക്തമാക്കി.
ആകാശ് ദീപിനെ റിവേഴ്സ് സ്വീപ്പില്‍ സിക്സ് അടിച്ച ഡക്കറ്റ് പിന്നീട് ആറാം ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ നേടി. ഏഴാം ഓവറില്‍ ഇംഗ്ലണ്ട് 50 കടന്നു. ഇന്ത്യക്കെിരെ ടെസ്റ്റില്‍ ഒരു ടീം അതിവേഗം 50 കടക്കുന്നതിന്‍റെ റെക്കോര്‍ഡിനൊപ്പവും ഇംഗ്ലണ്ട് എത്തി. പേസര്‍മാര്‍ക്കെതിരെ സാക് ക്രോളിയും തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ട് കുതിച്ചു. ഒടുവില്‍ പതിമൂന്നാം ഓവറില്‍ ആകാശ് ദീപിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ഡക്കറ്റിന്‍റെ ശ്രമമാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്.
ഓപ്പണിംഗ് വിക്കറ്റില്‍ 13 ഓവറില്‍ ഇരുവരും ചേര്‍ന്ന് 92 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പതിനാലാം ഓവറില്‍ ഇംഗ്ലണ്ട് 100 കടന്നു. പിന്നാലെ ആകാശ് ദീപിനെ ബൗണ്ടറി കടത്തി സാക് ക്രോളി അര്‍ധസെഞ്ചുറി തികച്ചു. 42 പന്തിലാണ് ക്രോളിയുടെ അര്‍ധസെഞ്ചുറി.
നേരത്തെ 204-6 എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് രണ്ടാം ദിനം 20 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യ ഓള്‍ ഔട്ടായത്. 57 റൺസെടുത്ത കരുൺ നായരാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രണ്ടാം ദിനം ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയോടെയാണ് കരുണ്‍ നായര്‍ തുടങ്ങിയത്. കരുണിന്‍റെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് സ്ലിപ്പിനിടയിലൂടെ ബൗണ്ടറി കടന്നു. പിന്നാലെ വാഷിംഗ്ടണ്‍ സുന്ദറും ജോഷ് ടംഗിനെതിരെ ബൗണ്ടറി നേടിയതോടെ ഇന്ത്യക്ക് പ്രതീക്ഷയായി. എന്നാല്‍ ഗുസ് അറ്റ്കിന്‍സണ്‍ എറിഞ്ഞ രണ്ടാം ദിനത്തിലെ രണ്ടാം ഓവറില്‍ തന്നെ എല്‍ബിഡബ്ല്യൂ അപ്പീല്‍ അതിജീവിച്ച കരുണിന് അധികം ആയുസുണ്ടായില്ല. ജോഷ് വൈഡ് ബൗണ്ടറി വഴങ്ങിയതിന് പിന്നാലെ കരുണ്‍ നായരെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇന്ത്യയെ ഞെട്ടിച്ചു. കരഉണ്‍ റിവ്യു എടുത്തെങ്കിലും രക്ഷപ്പെട്ടില്ല. 109 പന്തില്‍ എട്ട് ബൗണ്ടറിയോടെയാണ് കരുണ്‍ 57 റണ്‍സടിച്ചത്. ഏഴാം വിക്കറ്റില്‍ സുന്ദറിനൊപ്പം 65 റണ്‍സിന്‍റെ കൂട്ടുകെട്ടിലും കരുണ്‍ പങ്കാളിയായി.
218-7ലേക്ക് വീണ ഇന്ത്യക്ക് തൊട്ടടുത്ത ഓവറില്‍ സുന്ദറിനെ(26)യും നഷ്ടമായി. പൊരുതി നിന്ന സുന്ദറിനെ അറ്റ്കിന്‍സണിന്‍റെ പന്തില്‍ ജാമി ഓവര്‍ടണ്‍ പിടികൂടി. ഇന്ത്യ 220-8ലേക്ക് വീണു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. സിറാജിനെ ബൗള്‍ഡാക്കിയ അറ്റ്കിന്‍സണ്‍ പിന്നാലെ പ്രസിദ്ധിനെയും വീഴ്ത്തി ഇന്ത്യൻ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഇംഗ്ലണ്ടിനായി അറ്റ്കിന്‍സണ്‍ 33 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് എടുത്തപ്പോള്‍ ജോഷ് ടംഗ് 57 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.


