മാനം കാത്തു; ബംഗ്ലാദേശ് സൂപ്പര്‍ ഫാനിനെ അപമാനിച്ചതില്‍ മാപ്പ് പറഞ്ഞ് ഒരുപറ്റം ഇന്ത്യന്‍ ആരാധകര്‍
ഒക്ടോബര്‍ 19ന് പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ടൈഗര്‍ ഷൊയ്‌ബിനോട് മാപ്പ് പറഞ്ഞ് ഇന്ത്യന്‍ ആരാധകരെത്തിയത്

പൂനെ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശ് ടീമിന്‍റെ സൂപ്പര്‍ ഫാന്‍ ഷൊയ്‌ബ് അലി ബുഖാരിയെ സ്റ്റേഡിയത്തില്‍ വച്ച് ഇന്ത്യന്‍ ആരാധകരില്‍ ചിലര്‍ അപമാനിച്ച സംഭവം വിവാദമായിരുന്നു. പൂനെയില്‍ ബംഗ്ലാദേശിനെ ഇന്ത്യ തോല്‍പിച്ചതിന് പിന്നാലെയായിരുന്നു ടൈഗര്‍ ഷൊയ്‌ബ് എന്നറിയപ്പെടുന്ന ബംഗ്ലാ ആരാധകന്‍റെ കയ്യിലുണ്ടായിരുന്ന കടുവയുടെ ബൊമ്മ പിച്ചിച്ചീന്തിയും വലിച്ചെറിഞ്ഞും ഇന്ത്യന്‍ ആരാധകരില്‍ ചിലര്‍ പ്രകോപനമുണ്ടാക്കിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ സംഭവത്തില്‍ മാപ്പ് ചോദിച്ച് മറ്റൊരു കൂട്ടം ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തിയത് മാതൃകയായി. ഷൊയ്‌ബ് അലിയെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ചാണ് ഒരുപറ്റം ഇന്ത്യന്‍ ഫാന്‍സ് അദേഹത്തോട് മാപ്പ് പറഞ്ഞത്.
ഒക്ടോബര്‍ 19ന് പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ടൈഗര്‍ ഷൊയ്‌ബിനോട് മാപ്പ് പറഞ്ഞ് ഇന്ത്യന്‍ ആരാധകരെത്തിയത്. ഇന്ത്യന്‍ ആരാധകരുമായി സംസാരിക്കുന്ന വീഡിയോ ഷൊയ്‌ബ് ട്വീറ്റ് ചെയ്‌തതോടെ വൈറലായി. തന്നെ ആശ്വസിപ്പിക്കാനെത്തിയ ഇന്ത്യന്‍ ആരാധകര്‍ക്ക് ടൈഗര്‍ ഷൊയ്‌ബ് നന്ദി പറഞ്ഞു. ഇന്ത്യന്‍ സുഹൃത്തുക്കളോട് ഏറെ ബഹുമാനവും സ്നേഹമുണ്ട്, സ്റ്റേഡിയത്തില്‍ വച്ചുണ്ടായ സംഭവം വേദനിപ്പിച്ചു, ഇതൊന്നും ഒരിക്കലും ആവര്‍ത്തരുത് എന്ന് ആവശ്യപ്പെടുകയാണ്, ക്രിക്കറ്റ് ജന്‍റില്‍മാന്‍ ഗെയിമാണ് എന്നും ഷൊയ്‌ബ് കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്‍റെ കടുത്ത ആരാധകനായ ടൈഗര്‍ ഷൊയ്‌ബ് ലോകകപ്പിനിടെ ഇന്ത്യയില്‍ വച്ച് അപമാനിക്കപ്പെട്ട സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്ക് പോലും സുപരിചിതനായ ആരാധകനാണ് ഷൊയ്‌ബ് അലി. പൂനെയിലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിന് മുമ്പ് ഇരുവരും കണ്ടുമുട്ടിയിരുന്നു. ഇന്ത്യന്‍ ടീമിന്‍റെ പരിശീലനത്തിനായി രോഹിത് കാറില്‍ എത്തിയപ്പോള്‍ അലിയെ മനസിലാക്കി ഹിറ്റ്‌മാന്‍ പരിചയം പുതുക്കുകയായിരുന്നു. 'സ്റ്റേഡിയത്തിലെ പ്രധാന ഗേറ്റിന് പുറത്ത് കുറച്ച് ബംഗ്ലാദേശ് ആരാധകര്‍ക്കൊപ്പം കാത്തിരിക്കുമ്പോള്‍ രോഹിത് ശര്‍മ്മ കാറോടിച്ച് വരുന്നത് പെട്ടെന്ന് കണ്ടു. എന്നെ മനസിലാക്കിയ അദേഹം ഗ്ലാസുകള്‍ താഴ്‌ത്തി, താങ്കള്‍ ഇവിടെയും എത്തിയോ എന്ന് സ്നേഹത്തോടെ ചോദിച്ചു. രോഹിത് വളരെ സൗമ്യനായ മനുഷ്യനാണ്' എന്നും ഷൊയ്‌ബ് അലി ബുഖാരി പറഞ്ഞിരുന്നു.
വീഡിയോ
Read more: വീണ്ടും പുലിവാല്‍ പിടിച്ച് ഇന്ത്യന്‍ ആരാധകര്‍; ബംഗ്ലാ സൂപ്പര്‍ ഫാനിന്‍റെ കടുവയെ പിച്ചിച്ചീന്തിയതായി വീഡിയോ