സിഡ്‌നി: ഇങ്ങനെയുണ്ടോ ഒരു നിര്‍ഭാഗ്യം. ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ടി20 ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സിന്‍റെ ഇംഗ്ലീഷ് താരം ജയിംസ് വിന്‍സിന് സംഭവിച്ചതാണ് ഇപ്പോള്‍ ക്രിക്കറ്റ് വേദികളിലെ ചര്‍ച്ച. അപൂര്‍വ പുറത്താകല്‍ വിന്‍സിന് നിരാശ നല്‍കിയെങ്കില്‍ ലോട്ടറി അടിച്ച ഫീലായിരുന്നു ബൗളര്‍ക്ക്. 

മെല്‍ബണ്‍ റെനഗേഡിന് എതിരായ മത്സരത്തില്‍ 13 പന്തില്‍ 22 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു വിന്‍സ്. ഓപ്പണിംഗ് പങ്കാളി ജോഷ് ഫിലിപ്പിന്‍റെ കരുത്തുറ്റ സ്‌ട്രൈറ്റ് ഡ്രൈവാണ് വിന്‍സിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. റെനഗേഡ് പേസര്‍ വില്‍ സത്തര്‍ലന്‍ഡ് റിട്ടേണ്‍ ക്യാച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും കയ്യില്‍ നിന്ന് വഴുതിമാറി. കൈയില്‍ തട്ടി തെറിച്ച പന്ത് വില്‍ പോലും പ്രതീക്ഷിക്കാതെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലെ സ്റ്റംപ് തെറിപ്പിച്ചു. ഈ സമയം ക്രീസിന് അല്‍പം പുറത്തായിരുന്നു ജയിംസ് വിന്‍സ്. 

വിന്‍സ് പുറത്താകുന്ന വീഡിയോ ബിഗ് ബാഷ് ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ക്രിക്കറ്റ് ചരിത്രത്തിലെ നിര്‍ഭാഗ്യപരമായ പുറത്താകലുകളില്‍ ഒന്നാണിത് എന്ന് വീഡിയോ കാണുമ്പോള്‍ വ്യക്തമാകും. 

കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പ് നേടിയ ഇംഗ്ലീഷ് ടീമില്‍ അംഗമായിരുന്നു ജയിംസ് വിന്‍സ്. ബിഗ് ബാഷില്‍ ഈ സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 309 റണ്‍സ് താരം നേടി. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ 41*, 51 എന്നിങ്ങനെയായിരുന്നു സ്‌കോര്‍.