മുംബൈ: ഒന്നാം ഏകദിനത്തിന് മുൻപ് ഓസീസ് താരങ്ങൾക്ക് മുന്നറിയിപ്പുമായി ബിസിസിഐ. ഇന്ത്യൻ പേസ് ബൗളിംഗിന്റെ കരുത്ത് തെളിയിക്കുന്ന വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തായിരുന്നു ഇന്ത്യൻ ടീമിന്റെ മുന്നറിയിപ്പ്. ജസ്പ്രീത് ബുമ്രയും നവദീപ് സെയ്‌നിയുമാണ് നെറ്റ്സിൽ ഉന്നം പിഴയ്‌ക്കാതെ പന്തെറിഞ്ഞത്.

നാല് പേസര്‍മാരാണ് ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുള്ളത്. ബുമ്രയെയും സെയ്‌നിയെയും കൂടാതെ മുഹമ്മദ് ഷമിയും ശാര്‍ദുല്‍ ഠാക്കൂറുമാണ് ഇന്ത്യന്‍ നിരയിലെ പേസര്‍മാര്‍. ബുമ്രയും സെയ്‌നിയും സ്റ്റംപുകള്‍ എറിഞ്ഞുടയ്‌ക്കുന്നത് വീഡിയോയില്‍ കാണാം. ബുമ്രയുടെ യോര്‍ക്കറും കൃത്യതയും സെയ്‌നിയുടെ വേഗവും ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്‌മിത്തും മാര്‍നസ് ലബുഷെയ്‌നും അടങ്ങുന്ന കരുത്തുറ്റ ഓസീസ് ബാറ്റിംഗ് നിരയ്‌ക്കുള്ള മുന്നറിയിപ്പാണ് എന്നാണ് ആരാധകര്‍ പറയുന്നത്. 

ഉച്ചകഴിഞ്ഞ് 'കാണാം'

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഇന്ന് മുംബൈയിൽ തുടക്കമാവും. ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കാണ് കളി തുടങ്ങുക. തുടർ വിജയങ്ങളുടെ കരുത്തിൽ ടീം ഇന്ത്യയിറങ്ങുമ്പോള്‍ കഴിഞ്ഞ വ‍ർഷം ഇന്ത്യയിൽ പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ. ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തരായ രണ്ടുടീമുകൾ നേർക്കുനേർ വരുമ്പോള്‍ വിഖ്യാത വാംഖഡെ സ്റ്റേഡിയത്തില്‍ ആരാധകര്‍ക്ക് അത് വിരുന്നാകും.

പേസ് vs ബാറ്റിംഗ്

രോഹിത് ശര്‍മ്മ, വിരാട് കോലി, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍...ഇന്ത്യന്‍ ബാറ്റിംഗ്‌ നിര അതിശക്തമാണ്. മറുവശത്ത് ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്‌‌മിത്ത്, മാര്‍നസ് ലബുഷെയ്ന്‍ ത്രിമൂര്‍ത്തികളും അതിശക്തം. ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും നയിക്കുന്ന ഇന്ത്യന്‍ പേസ് യുണിറ്റിന് മറുപടിയായി പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് ത്രയം ഓസീസിനുണ്ട്. ഇരു ടീമുകളിലെയും പേസര്‍മാരും ബാറ്റ്‌സ്‌മാന്‍മാരും തമ്മില്‍ വീറുട്ട പോരാട്ടം നടക്കുമെന്ന് വ്യക്തം.