എഡ്‌ജ്‌ബാസ്റ്റണ്‍: പന്ത് കൊണ്ടിട്ടും വീഴാത്ത സിങ് ബെയ്‌ല്‍സുകള്‍ വലിയ ചര്‍ച്ചയായത് അടുത്തിടെ അവസാനിച്ച ലോകകപ്പിലാണ്. ലോകകപ്പില്‍ ഏറെ വിവാദമുണ്ടായിട്ടും ബെയ്‌ല്‍സിന്‍റെ കാര്യത്തില്‍ മാത്രം മാറ്റമുണ്ടായില്ല. നടന്നുകൊണ്ടിരിക്കുന്ന ആഷസ് ആദ്യ ടെസ്റ്റിലും സമാനമായ സംഭവം ആവര്‍ത്തിച്ചു. 

ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 284 റണ്‍സ് പിന്തുടരവെ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടാണ് ഭാഗ്യത്തിന്‍റെ ആനുകൂല്യത്തില്‍ രക്ഷപെട്ടത്. റൂട്ട് ഒന്‍പത് റണ്‍സെടുത്ത് നില്‍ക്കവെ ജെയിംസ് പാറ്റിന്‍സണിന്‍റെ പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിയപ്പോള്‍ ഓസീസ് താരങ്ങള്‍ അപ്പീല്‍ ചെയ്തു. പന്ത് ബാറ്റില്‍ തട്ടിയതാണെന്ന് കരുതി അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. 

റൂട്ട് റിവ്യൂ ആവശ്യപ്പെട്ടതോടെ പന്ത് ബാറ്റിലല്ല, വിക്കറ്റിലാണ് തട്ടിയത് എന്ന് വ്യക്തമായി. പന്ത് വിക്കറ്റില്‍ കൊണ്ടത് സ്‌നിക്കോ മീറ്ററില്‍ വ്യക്തമായിട്ടും ബെയ്‌ല്‍സ് വീഴാതിരുന്നതോടെ താരങ്ങളെല്ലാം ഞെട്ടലിലായി. അടുത്തിടെ കൗണ്ടി ക്രിക്കറ്റിലും ബെയ്‌ല്‍സ് വീഴാത്ത സംഭവം ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചിരുന്നു.